09 August, 2016 11:18:14 AM


കേരളാ കോൺഗ്രസ്സ് ഒരു രാജവെമ്പാല അല്ലാ; അത്താഴം മുടക്കുന്ന നീർക്കോലി !!!


കോട്ടയം തിരുനക്കര മൈതാനത്ത് 1964ൽ ഒരു രാഷ്ട്രീയകക്ഷി പിറന്നു.ആ 'കുഞ്ഞി'നെ ആദ്യമായി പേരുവിളിച്ചത്
മന്നത്തു പദ്മനാഭനായിരുന്നു. കേരളാ കോൺഗ്രസ്സ്! അതായിരുന്നു പേര്.
ഈയെമ്മസ്സിന്റെ ഭാഷയിൽ 'കേ കോ മാ" !!! അതിനു പത്തു വയസ്സ് തികഞ്ഞില്ല; അതു രണ്ടായി പിളർന്നു!




അനുഭവമുള്ളവർ  പറയാറുണ്ട് ഒരിക്കൽ പോലീസ് സ്റ്റേഷനിൽ  കയറിയാൽ പിന്നീട് കയറാൻ മടിയുണ്ടാവാറില്ലെന്ന്. അതുപോലെ ഒരിക്കൽ പിളർന്ന  ഈ പാർട്ടിക്ക് പിളർപ്പു ഹരമായി മാറി. വളരുകയും പിളരുകയും ചെയ്യുന്ന പാർട്ടിയെന്ന് അഭിമാനത്തോടെ അവർ തന്നെ പറഞ്ഞു തുടങ്ങി.

ഇടതെന്നും വലതെന്നും പേരുള്ള മുന്നണികളിൽ അവർ അവസരത്തിനൊത്തു ചേക്കേറി. നന്മകൾ നുണഞ്ഞു. തിന്മകൾ ഉണ്ടായപ്പോഴൊക്കെ കൂടു വെടിഞ്ഞു. പിളർന്നവ വീണ്ടും പിളരുകയും ചിലപ്പോഴൊക്കെ പിന്നീട് പിളരാൻ വേണ്ടി യോജിക്കുകയും ചെയ്തു. അങ്ങനെ കേരളാകോൺഗ്രസ് എന്ന പേരിൽ ഇപ്പോൾ എത്ര പാർട്ടികളുണ്ടെന്നറിയാൻ  'പാഴൂർ പടിപ്പുരെ' പോകേണ്ട അവസ്ഥയാണ്!

ആൾബലം കൊണ്ട് പ്രബലമായ  കേരളാ കോൺഗ്രസ് പാർട്ടി കെ എം മാണി നയിക്കുന്നതായിരുന്നു. അഞ്ചു പതിറ്റാണ്ടു  കാലത്തെ പാരമ്പര്യമാണ് മാണിക്കുള്ളത്. അമ്പതാം കൊല്ലത്തിൽ അതാഘോഷിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും അഴിമതിയുടെ കരിനിഴൽ ആ യശ്ശസ്സിനു മങ്ങലേൽപ്പിച്ചു. രാജിവച്ചത് സമയം തെറ്റിയായിരുന്നതിനാൽ ജനങ്ങളുടെ വിശ്വാസത്തിൽ വേണ്ടത്ര ഉറപ്പു കുറവായിപ്പോയി.

ജീവിതത്തിൽ എല്ലാം തികഞ്ഞു കഴിഞ്ഞ നിലക്ക്  മുഖ്യമന്ത്രിപദം മോഹിച്ചു മറുകണ്ടം ചാടാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ്സുകാരുടെ പാര അതിനനുവദിച്ചില്ല. ഒളിച്ചോടിപ്പോയ പെണ്ണിനെ വീട്ടുകാർ പിന്നാലെ ചെന്ന് ബലമായി തിരിച്ചു കൊണ്ട് വന്നെന്ന പോലെ അതേ മുന്നണിയിൽ തുടരേണ്ടി വന്നു!

പണ്ടൊരിക്കൽ കേന്ദ്ര മന്ത്രികുപ്പായം വരെ തയ്ച്ചതറിഞ്ഞു കിട്ടിയ പാരയും കോൺഗ്രസ്സുകാരുടേത് ആയിരുന്നല്ലോ!

ഒരു തരത്തിൽ പറഞ്ഞാൽ കഷ്ടമല്ലേ? അമ്പതു കൊല്ലത്തെ കറതീർന്ന പാരമ്പര്യം, വിവിധ വകുപ്പുകൾ കയ്യാളിയ അനുഭവം.. ഇത്തരമൊരാളിനു കൂട്ടത്തിലുള്ളവർ മുഖ്യമന്ത്രി സ്ഥാനമോ കേന്ദ്രമന്ത്രി സ്ഥാനമോ കൊടുക്കുന്നില്ലെന്നതോ പോകട്ടെ  മറുമുന്നണിയിൽ ചെന്ന് ഒരു ദിവസമെങ്കിൽ ഒരു ദിവസം മുഖ്യമന്ത്രിയാകാൻ  അനുവദിക്കുന്നില്ലെന്നു കൂടി പറഞ്ഞാൽ പിന്നെന്താണ് ചെയ്യുക? ഓണം പിറന്നാലും ഉണ്ണി പിറന്നാളും കുമ്പിളിൽ ത്തന്നെ കഞ്ഞി!!

ബാർ കോഴ കേസിൽ ഉൾപ്പെട്ട  രണ്ടു മന്ത്രിമാരോടും രണ്ടു സമീപനം എന്ന പടക്കത്തിൽ തുടങ്ങിയ പൊട്ടലാണ് ഇപ്പോൾ അമിട്ടായിത്തീർന്നത്.

മാണിയും കൂട്ടരും യു ഡി എഫിൽ നിന്ന് പുറത്തുപോകുമെന്നുളളതിൽ  കേരള രാഷ്ട്രീയമറിയാവുന്നവർക്കു സംശയം ഇല്ലായിരുന്നു. അതെപ്പോൾ എന്ന കാര്യത്തിലായിരുന്നു സംശയം.  പുലി വരുന്നേ  പുലി വരുന്നേ എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇതാ ഇപ്പോൾ ശരിക്കും പുലി വന്നിരിക്കുന്നു.

നല്ല ഭൂരിപക്ഷമുള്ള എൽ ഡി എഫ് ഉടനെയൊന്നും പുറത്തു വന്ന പാർട്ടിയെ കൂടെ കൂട്ടാനിടയില്ല.പിന്നെയുള്ളത് ഇരുമുന്നണികളിലും നിന്ന് പുറത്തുവരുന്ന കക്ഷികളെ റാഞ്ചിക്കൊണ്ടു പോകാൻ തരം പാത്തിരിക്കുന്ന എൻ ഡി എ ആണ്.  അവരാണെങ്കിലോ നിന്നു പിഴക്കാൻ വേണ്ടി ഏതു വിഴുപ്പുകളെയും ചുമക്കും..

കമ്മ്യുണിസ്റ് കക്ഷികൾ പുറത്താക്കിയ മാലിന്യങ്ങൾ നിരവധി ഇപ്പോൾ അവരുടെ കൂടെയുണ്ട്. അവർ കാട്ടിക്കൂട്ടുന്ന വൃത്തികേടുകളും അക്രമങ്ങളും  മുന്നണിക്കു സഹിക്കേണ്ടി വരുന്നു. തൻകാര്യം നോക്കിയായ വെ ള്ളാപ്പള്ളിയുടെ കൂട്ട് നന്നല്ലെന്നു തിരിച്ചറിയുന്നതിനു മുമ്പേ മറ്റൊരു തൻകാര്യം  നോക്കിയായ മാണിക്കുവേണ്ടി കാത്തിരിക്കുകയാണ് എൻ ഡി എ !

ഒറ്റയ്ക്ക് നിന്ന് മത്സരിച്ചു ജയിച്ച പി സി ജോർജ്ജിന്റെ ആർജ്ജവം പോലും എൻ ഡി എ മുന്നണി കാണിക്കുന്നില്ലെന്നതാണ് അത്ഭുതം.

മൂന്നു മുന്നണികളും  ഉൾപ്പെടുത്താതെ  കേരള രാഷ്ട്രീയത്തിൽ നിന്ന്  'എന്നെന്നേയ്ക്കുമായി ഇല്ലാതാവേണ്ട' ഇത്തരം പാർട്ടികളെ സംരക്ഷിക്കുന്നതാണ് സത്യത്തിൽ വലിയ ക്രിമിനൽ കുറ്റം. 

ദേശീയ രാഷ്ട്രീയത്തിൽ നിന്ന് അപ്രസക്തമായിക്കൊണ്ടിരിക്കുന്ന, ഇവിടെ ഗ്രൂപ്പു വഴക്കുകളിൽ അടി തെറ്റി നിൽക്കുന്ന  കോൺഗ്രസ്സ് സംസ്ഥാന രാഷ്ട്രീയത്തിലും ഇതോടെ തമോഗർത്തത്തിൽ ആണ്ടുപോകാൻ സാധ്യതയുണ്ട്!  കേരളാ കോൺഗ്രസ്സ് ഒരു രാജവെമ്പാല അല്ലായിരിക്കാം; തങ്ങളുടെ അത്താഴം മുടക്കുന്ന നീർക്കോലിയോ അടി തെറ്റിക്കുന്ന പഴത്തൊലിയായോ  ആയി കോൺഗ്രസ്സിന് ഭവിക്കാം ....


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K