01 July, 2022 09:38:55 AM


എ.കെ.ജി. സെന്ററിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പ്രവര്‍ത്തകര്‍ പ്രകോപിതരാവരുതെന്ന് നേതാക്കള്‍



തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിലേക്ക് അജ്ഞാതൻ സ്ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവർ പറഞ്ഞു. ഓഫീസിന്റെ മതിലിൽ സ്ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി.

എ.കെ.ജി. സെന്ററിന്റെ പിൻഭാഗത്തുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ഇവിടെ മതിലിൽ തട്ടി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. വാഹനം നിർത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗിൽനിന്ന് സ്ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം വേഗം ഓടിച്ചുപോകുകയും ചെയ്തു.


എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തിൽ പോലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പോലീസ് ഉണ്ടായിരുന്നില്ല. ശബ്ദംകേട്ടാണ് അവർ ഓടിയെത്തിയത്. സംഭവം നടക്കുമ്പോൾ ഇ.പി.ജയരാജനും പി.കെ. ശ്രീമതിയും ഓഫീസിനകത്തുണ്ടായിരുന്നു. ഇതിനാലാണ് സമീപത്തുവന്ന് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.

സംഭവമറിഞ്ഞ് പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി, ആന്റണി രാജു, വീണാ ജോർജ് എന്നിവർ സ്ഥലത്തെത്തി. സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി. എറിഞ്ഞത് പടക്കംപോലുള്ള സ്ഫോടകവസ്തുവാണെന്ന് കമ്മിഷണർ പറഞ്ഞു. സ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ്സ്വകാഡും പരിശോധന നടത്തി.

എ.കെ.ജി. സെന്ററിന്റെ സമീപമുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അടുത്തകാലത്ത് എ.കെ.ജി. സെന്ററിലെ സി.സി.ടി.വി.കൾ പുനഃസ്ഥാപിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സി.പി.എം.-ഡി.വൈ.എഫ്.ഐ, പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തെതുടർന്ന് വടക്കൻ കേരളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പോലീസ് നല്കിയിട്ടുണ്ട്.

സമാധാനപരമായി പ്രതിഷേധിക്കും - കോടിയേരി

സംഭവത്തിൽ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നുവെന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കുറച്ചുനാളായി നടക്കുന്നത്. അതിന്റെ തുടർച്ചയാണ് ആക്രമണം. യു.ഡി.എഫ്., ബി.ജെ.പി. കൂട്ടുകെട്ടിന്റെ പ്രവർത്തനങ്ങളെ സമാധാനപരമായി ചെറുക്കാനാകണം.

എറിഞ്ഞത് ബോംബ് - ഇ.പി.ജയരാജൻ

എറിഞ്ഞത് ബോംബാ?െണന്നും ഇതിന് പിന്നിൽ കോൺഗ്രസ്സ് ആണെന്നും എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ ആരോപിച്ചു. സംഭവത്തിനു പിന്നിൽ ആസൂത്രിത നീക്കമുണ്ട്. പ്രവർത്തകർ പ്രകോപിതരാവരുത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K