27 June, 2022 10:53:54 AM


നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ്



തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണെന്നാണ് വിശദീകരണം. പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫിസിലേക്ക് പോകാൻ തടസമില്ലെന്നും സ്പീക്കർ അറിയിച്ചു. 

പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാനടപടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. നിയമസഭയിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രവേശനം മീഡിയാ റൂമിൽ മാത്രമാണ്. മന്ത്രിമാരുടെ ഓഫീസിലും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലും ഉൾപ്പടെ മാധ്യമപ്രവർത്തകരെ വിലക്കിയിരിക്കുകയാണ്.

ഇന്ന് യുഡിഎഫിന്‍റെ യുവ എം.എൽ.എമാർ നിയമസഭയിലെത്തിയത് കറുപ്പണിഞ്ഞാണ്. കറുത്ത ഷർട്ടും മാസ്‌കും ധരിച്ചാണ് ഷാഫി പറമ്പിൽ ഉൾപ്പടെയുള്ള യുവ എം.എൽ.എമാർ എത്തിയത്. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്‌ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കാനിരിക്കേയാണ് സഭാ നടപടികൾ നിർത്തിയത്.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖാക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകാനിരുന്നത്. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ നിർത്തിവെച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K