12 June, 2022 08:16:52 PM


മുഖ്യമന്ത്രിക്ക് സുരക്ഷ: കണ്ണൂരില്‍ നാളെ ഗതാഗത നിയന്ത്രണം; ആംബുലൻസിനെ ഒഴിവാക്കി

കണ്ണൂർ: മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂരില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തളിപ്പറമ്പ് മുതല്‍ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം. ഇതുവഴി വരുന്ന വാഹനങ്ങളെ വഴി തിരിച്ചുവിടുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ ഒമ്ബതു മുതല്‍ 12 വരെയാണ് ഗതാഗത നിയന്ത്രണമുണ്ടായിരിക്കുക.

അതേസമയം ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇന്ന് കോഴിക്കോടും മലപ്പുറത്തും മുഖ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് കാണാനായത്. മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളില്‍ കനത്ത സുരക്ഷ പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു. പന്തീരങ്കാവില്‍ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച്‌ പ്രതിഷേധിച്ചു. കോഴിക്കോട്ടേക്ക് വരുന്ന വഴി കോട്ടയ്ക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി.

കാരപ്പറമ്ബില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം പൊലീസാണ് നല്‍കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷ കര്‍ശനമാക്കിയ സാഹചര്യത്തില്‍ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.

കോഴിക്കോട് ജില്ലയില്‍ എല്ലായിടത്തും റോഡുകള്‍ അടച്ചുകൊണ്ടുള്ള സുരക്ഷ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രാ എളുപ്പമാക്കുന്നതിന് വേണ്ടി കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളില്‍ മാത്രമാണ് വാഹനങ്ങള്‍ പൊലീസ് അല്‍പ്പ സമയം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിലൂടെ ജനങ്ങള്‍ പ്രയാസപ്പെടുകയാണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുന്ന നടപടികള്‍ കോഴിക്കോട് ജില്ലയില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയവരോട് കറുത്ത മാസ്‌ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം പൊലീസ് അവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കി. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടാവുകയാണുണ്ടായത്. കുറ്റിപ്പുറം മിനി പമ്ബയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K