09 June, 2022 05:28:51 PM


വിദ്യാർത്ഥികളുടെ പ്ലേസ്‌മെന്‍റിൽ മികച്ച നേട്ടവുമായി കൊച്ചി നുവാല്‍സ്



കൊച്ചി: കേരളത്തിലെ ദേശീയ നിയമ സർവകലാശാലയായ കൊച്ചിയിലെ  നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ  സ്റ്റഡീസ് (നുവാൽസ് ) ഈ വർഷവും വിദ്യാർത്ഥികളുടെ പ്ലേസ്‌മെന്‍റിൽ മികച്ച നേട്ടമുണ്ടാക്കി . ബി. എ.  എൽ എൽ. ബി. (ഓണേഴ്‌സ്. ) വിദ്യാർത്ഥികളിൽ 50 ശതമാനത്തോളം പേർക്ക് കോർപ്പറേറ്റ് ലോയർമാരായി മികച്ച ശമ്പളത്തോടെ പ്ലേസ്‌മെൻറ് ലഭിച്ചു.


ഡൽഹിയിലെ എസ്. എൻ. ആർ. അസ്സോസിയേറ്റ്സ്, ടി. എൽ. ജി. എസ്., മുംബൈയിലെ ബറൂച്ച, ഡബ്ലിയു.എൻ.എസ്. ഗ്ലോബൽ, പൂനെയിലെ സി. പി. സി. അനലിറ്റിക്‌സ്, ബാംഗ്ലൂരിലെ ഏർണെസ്റ്റ് ആൻഡ് യങ്, സ്‌പൈസ് റൂട്ട് ലീഗൽ , അരിസ്റ്റ ചേമ്പേഴ്‌സ് തുടങ്ങിയ ലോ ഫേമുകൾ , വിവിധ ബാങ്കുകൾ എന്നിവയിൽ ഉദ്യോഗം ലഭിച്ചവർ ആഗസ്ത് ആദ്യ വാരത്തോടെ ജോലിയിൽ പ്രവേശിക്കും.


10 ശതമാനം വിദ്യാർത്ഥികൾക്ക് അമേരിക്കയിലേയും യൂറോപ്പിലേയും വിവിധ സർവകലാശാലകളിൽ എൽ എൽ. എം. കോഴ്സിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. കേംബ്രിഡ്ജ് ഹാർഡിംഗ് വിശിഷ്ട ബിരുദാനന്തര സ്കോളർഷിപ്പ് ഉൾപ്പെടെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾ നേടി.


20 ശതമാനം വിദ്യാർത്ഥികൾ സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതിയിലുമായി മികച്ച ലോ ഫേമുകളുടെ ഭാഗമായി അഭിഭാഷക വൃത്തിയിൽ പ്രവേശിക്കും. 20 ശതമാനം വിദ്യാർത്ഥികൾ ഇന്ത്യയിൽ തന്നെ എൽ എൽ. എം. , ഇന്റർഗ്രേറ്റഡ് എൽ എൽ. എം.  പി എച്. ഡി.  തുടങ്ങിയ മേഖലയിൽ ഉപരിപഠനത്തിനായി  പ്രവേശിക്കും. ജൂൺ 30 ന്  ഈ വർഷത്തെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കും .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K