28 May, 2022 01:47:32 PM


മഹാമാരികളെ പ്രതിരോധിക്കാൻ ഇന്ത്യയുടെ അത്യാധുനിക ഹൈടെക് ലാബ് ബസ്ന്യൂഡല്‍ഹി: മെഡിക്കൽ പ്രൊഫഷണലുകൾക്കായി അത്യാധുനിക ഹൈടെക് ബസ് പുറത്തിറക്കാൻ ഇന്ത്യ. മെയ് 22 മുതൽ 28 വരെ ജനീവയിൽ നടക്കുന്ന ലോകാരോഗ്യ അസംബ്ലിയിൽ ബസ് പ്രദർശിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗപ്പെടുത്താൻ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് ഈ ബസ് വിൽക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വാഹനവിപണി രം​ഗത്തെ അതികായനായ മെഴ്‌സിഡസ് ബെൻസ്, മുംബൈ ആസ്ഥാനമായുള്ള അസെപ്റ്റിക്, ബയോ-ക്ലീൻ, കണ്ടെയ്‌ൻമെന്റ് ഉപകരണ നിർമ്മാതാക്കളായ ക്ലെൻസൈഡ്‌സ് എന്നിവയുമായി ചേർന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഏഷ്യയിലെ ആദ്യത്തെ ബയോസേഫ്റ്റി ലെവൽ-3 ലബോറട്ടറി ബസ് അവതരിപ്പിക്കുക. ഇന്ത്യയുടെ ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ആയിരിക്കും ലോകാരോഗ്യ അസംബ്ലിയിൽ ഈ ഹൈടെക് ബസ് അവതരിപ്പിക്കുക.


മെഴ്‌സിഡസ് ബെൻസ് ചേസിസിൽ നിർമ്മിക്കുന്ന ബസിന്റെ വില ഒരു മില്യൺ ഡോളറിൽ താഴെയാണ്. ഈ ലബോറട്ടറി ബസ് പ്രവർത്തിക്കുന്നതിനുമുള്ള സാങ്കേതിക പരിശീലനവും അറിവും ക്ലെൻസൈയ്ഡ്സും ഐസിഎംആറും ചേർന്ന് നൽകും.

നിലവിൽ, ഗ്രാമീണപ്രദേശങ്ങളിലുള്ള ജനങ്ങൾക്കായി ഇന്ത്യയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഉണ്ട്. ഗ്രാമീണ ആരോഗ്യ സംരക്ഷണം രാജ്യത്ത് ഒരു വെല്ലുവിളി ആയതിനാലാണ് പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷത്തോടെ സർക്കാർ ഈ സംരംഭം ആരംഭിച്ചത്. ആരോ​ഗ്യ സേവനങ്ങൾ പരിമിതമായ, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെയാണ് ഈ സംരംഭം ലക്ഷ്യം വെയ്ക്കുന്നത്.

ഓരോ മൊബൈൽ മെഡിക്കൽ യൂണിറ്റിലും സാധാരണയായി ഒരു വാഹനമാണ് ഉള്ളത്. ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ ഒരു വാഹനം മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. രണ്ടാമത്തെ വാഹനം ആവശ്യമായ എല്ലാ ഉപകരണങ്ങളും സജ്ജീകരിക്കാനും അടിസ്ഥാന ലാബ് സൗകര്യങ്ങൾക്കായും ഉപയോഗിക്കുന്നു, മൂന്നാമത്തേത് പരിശോധനക്കുള്ള ഉപകരണങ്ങൾ വഹിക്കുന്നു.

ഇത്തരം മൊബൈൽ മെഡിക്കൽ യൂണിറ്റുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ബയോസേഫ്റ്റി ലെവൽ-3 ലബോറട്ടറി ബസ്. പകർച്ച വ്യാധികളും മറ്റും ഉണ്ടാകുമ്പോൾ ഇവ കൂടുതൽ ഉപകാരപ്രദമാകും. പകർച്ചവ്യാധി സാമ്പിളുകൾ കൈകാര്യം ചെയ്യുക, താൽക്കാലികമായി സംഭരിക്കുക, പകർച്ചവ്യാധികൾ പരിസ്ഥിതിയിലേക്ക് പോകുന്നതിനു മുൻപേ അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.

ലോകാരോഗ്യ അസംബ്ലിയിൽ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരുമായും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുമായും മാണ്ഡവ്യ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ്എൽ-3 ബസിനെ മഹാമാരികൾക്കെതിരായ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട്, ഇന്ത്യയുടെ മികച്ച 10 കണ്ടുപിടുത്തങ്ങളിലൊന്നായി അദ്ദേഹം ഉയർത്തിക്കാട്ടും.

ഈ ഹൈടെക് ബസ് ഇന്ത്യയ്ക്ക് വേണ്ടി മാത്രം ഉള്ളതല്ലെന്നും ഭാവിയിൽ പകർച്ചവ്യാധികളെ നേരിടാൻ മറ്റ് രാജ്യങ്ങളെ സജ്ജരാക്കേണ്ടതിനും ലോകത്തിനു മുഴുവനും വേണ്ടിയാണെന്നും ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞ ആയ ഡോക്ടർ നിവേദിത ​ഗുപ്ത പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K