22 May, 2022 07:57:29 PM


ഐപിഎൽ വാതുവെപ്പ്: ആറു പേർ പിടിയിൽ; 75000 രൂപയും മൊബൈൽ ഫോണുകളും പിടികൂടി



ന്യൂഡൽഹി: ഐപിഎൽ ആവേശം പ്ലേഓഫിലേക്ക് കടക്കുമ്പോൾ വാതുവെപ്പ് സംഘങ്ങളും സജീവമാകുന്നു. വാതുവെപ്പ് സംഘത്തിലെ ആറുപേർ ഡൽഹിയിൽ അറസ്റ്റിലായി. സിറ്റി പോലീസി‌ന്‍റെ ഔട്ടർ ഡിസ്ട്രിക്ട് വിംഗാണ് ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 75000 രൂപയും പത്ത് മൊബൈൽ ഫോണുകൾ, രണ്ട് എൽഇഡി ടിവികൾ, വോയ്‌സ് റെക്കോർഡറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

റെയ്ഡിനിടെ, ഒന്നിലധികം മത്സരങ്ങളിൽ ചൂതാട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് മൊബൈൽ ഫോണുകൾ ഘടിപ്പിച്ച ഉപകരണം അടങ്ങിയ ഒരു സ്യൂട്ട്കേസും പോലീസ് കണ്ടെടുത്തു, കൂടാതെ കോൾ റെക്കോർഡറും മൈക്കുകളും പൊലീസ് പിടികൂടി. രാഹുൽ ഗാർഗ്, കുനാൽ ഗാർഗ്, സഞ്ജീവ് കുമാർ, അശോക് ശർമ്മ. ധർമ്മാത്മ ശർമ്മ, കനയ്യ എന്നിവരാണ് അറസ്റ്റിലായത്. "പിഎസ് നിഹാൽ വിഹാറിൽ ചൂതാട്ട നിയമം 3/4/9/55 സെക്ഷൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു, അന്വേഷണം പുരോഗമിക്കുകയാണ്," ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഔട്ടർ സമീർ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഔട്ടർ ജില്ലയിലെ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടത്തിവന്ന പ്രത്യേക റെയ്ഡിനിടെയാണ് വാതുവെപ്പ് സംഘം പിടിയിലായത്. ഐപിഎൽ മത്സരങ്ങളിൽ ചൂതാട്ടം നടത്തിയ 5 പേരിൽനിന്ന് 74,740/- രൂപ, 10 മൊബൈൽ ഫോണുകൾ, 2 ലാപ്‌ടോപ്പുകൾ, 3 ഇന്റർനെറ്റ് റൂട്ടറുകൾ, 02 എൽഇഡി ടിവികൾ, വോയ്‌സ് റെക്കോർഡറുകൾ, കോൾ റെക്കോർഡിങ് മൈക്രോഫോണുകൾ, ചൂതാട്ടത്തിന്റെ റെക്കോർഡുള്ള 2 നോട്ട്ബുക്കുകൾ, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന 5 മൊബൈൽ ഫോണുകൾ ഘടിപ്പിച്ച 01 സ്യൂട്ട്കേസ് ഡിവൈസ് എന്നിവ പിടികൂടിയതില്‍ ഉൾപ്പെടുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K