09 May, 2022 07:27:37 PM


'കാന്താ വേഗം പോകാം പൂരം കാണാൻ സിൽവർലൈനിൽ'; പരസ്യവുമായി കെ-റയില്‍



തൃശൂര്‍: തൃശൂര്‍ പൂരം കാണാന്‍ ഇനി അതിവേഗം എത്താമെന്ന പരസ്യവുമായി കെ റെയില്‍. പൂരങ്ങളു‌ടെ നാടായ തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററാണ് കെ റെയില്‍ പങ്കുവെച്ചിരിക്കുന്നത്. 'കാന്താ വേഗം പോകാം പൂരം കാണാന്‍ സില്‍വര്‍ലൈനില്‍' എന്നാണ് പരസ്യ വാചകം.

തിരുവനന്തപുരത്ത് നിന്ന് 1 മണിക്കൂര്‍ 56 മിനിട്ട് കൊണ്ട് തൃശൂരെത്തും. കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ടും കോഴിക്കോട് നിന്ന് 44 മിനിട്ടുകൊണ്ടും കാസര്‍കോട് നിന്ന് 1 മണിക്കൂര്‍ 58 മിനിട്ട് കൊണ്ടും പൂരനഗരയിലെത്താമെന്നാണ് പരസ്യത്തിലെ അവകാശവാദം. തിരുവനന്തപുരം- തൃശൂർ 715 രൂപ്ക്ക് എത്താമെന്നും പരസ്യത്തിൽ പറയുന്നു. കൊച്ചിയിൽ നിന്ന് തൃശൂരിലെത്താൻ 176 രൂപയാണ് ടിക്കറ്റ് നിരക്ക്. പൂരനഗരിയിലേക്ക് കോഴിക്കോട് നിന്ന് 269 രൂപയും കാസർഗോഡ് നിന്ന് 742 രൂപയുമാണ് നിരക്ക്.

എന്നാൽ ഇതിനുതാഴെ വിമർശനവുമായി കമന്റുകളുമുണ്ട്. 'ഇത്രയും കാലം കെ റെയിൽ ഉണ്ടായിട്ട് ആണോ പൂരം കാണാൻ പോയിരുന്നത്', 'ഞങ്ങൾക്ക് ഇന്ത്യൻ റെയിൽവേ ഉണ്ട് കേരളത്തെ നശിപ്പിക്കാൻ സമ്മതിക്കില്ല',' വന്ദേ ഭാരത് എക്സ്പ്രസ് വരട്ടെ എന്നിട്ട് നോക്കാം' എന്നിങ്ങനെ നീളുന്നു കമന്റുകള്‍. 


അതേ സമയം, അതിവേഗ റെയിൽ പദ്ധതികളുടെ കാര്യത്തിൽ സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരത്തിന് നേതൃത്വം നൽകുന്ന ശശികാന്ത് സോനവാനെ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഇവിടെ കെ-റയിൽ പദ്ധതിയെ അനുകൂലിക്കുന്ന സിപിഎം മഹാരാഷ്ട്രയിൽ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നു. കേരളത്തിൽ കെ- റയിൽ പദ്ധതിയെ എതിർക്കുന്ന ബിജെപി മഹാരാഷ്ട്രയിൽ അതിവേഗ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വൻകിട കോർപറേറ്റുകളോടും സ്വകാര്യവൽക്കരത്തോടുമാണ് അവർക്ക് ആഭിമുഖ്യം ശശികാന്ത് സോനവാനെ കുറ്റപ്പെടുത്തി

കേന്ദ്ര പദ്ധതിയെ എതിർക്കുന്ന ബിജെപി സത്യത്തിൽ സമരം നടത്തേണ്ടത് ഡൽഹിയിലാണ്. കാരണം കേന്ദ്ര പങ്കാളിത്തത്തോടുകൂടി ആണ് കെ റെയിൽ പദ്ധതി ഉദ്ദേശിക്കുന്നത്. അധികാരത്തിലെത്തുന്ന സിപിഎം വലത് നയങ്ങളാണ് സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിൽ ബുള്ളറ്റിനെ നഖശിഖാന്തം എതിർക്കുന്ന സിപിഎം കേരളത്തിൽ കെ റെയിൽ നടപ്പിലാക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലും ഉള്ള സിപിഎം രണ്ടാണോ എന്നും ശശികാന്ത് സോനവാനെ ചോദിച്ചു.

നിലവിലുള്ള ഇന്ത്യൻ റയിൽവേ സംവിധാനത്തെ വികസിപ്പിച്ച് സാധാരണക്കാർക്ക് മിതമായ യാത്രനിരക്കിൽ പൊതുഗതാഗതത്തിനായി ഉപയുക്തമാക്കുകയാണ് വേണ്ടത്. അതാണ് വികസനം. അല്ലാതെ പരിസ്ഥിതിയെ തകർക്കുന്ന എംബാങ്ക്മെൻ്റ് നിർമ്മാണം വഴിയുള്ള കെ- റയിൽ പദ്ധതി പോലുള്ള ബദൽ റെയിൽവേ സംവിധാനം കൊണ്ടുവരല്ല എന്നും ശശികാന്ത് സോനവാനെ

സിൽവർലൈൻ പദ്ധതിയുടെ 74 ശതമാനം ഓഹരികളും സ്വകാര്യ വ്യക്തകൾക്കും സ്ഥാപനങ്ങൾക്കും നൽകുമെന്നാണ് അറിയുന്നത്. ഭൂമി ഏറ്റെടുക്കാൻ ഇതിനെ പൊതു സംരംഭമായി വ്യാഖ്യാനിക്കുകയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ സ്വകാര്യ സംരംഭമാക്കുകയുമാണ് ലക്ഷ്യം- ശശികാന്ത് സോനവാനെ പറഞ്ഞു. കേരളത്തിലെ സിൽവർ ലൈൻ പ്രതിരോധ സമിതി ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെയാണ് മഹാരാഷ്ട്രയിലെ പദ്ധതിക്കെതിരെ അവിടെയുള്ള സിപി.എം ഉന്നയിക്കുന്നതെന്നും സോനവാനെ വെളിപ്പെടുത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K