05 May, 2022 04:09:39 PM


ചരിത്രസ്മൃതിയുടെ തിരുശേഷിപ്പായി പൗര്‍ണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ക്ഷേത്രം

- എം.എസ്. ഭുവനചന്ദ്രന്‍തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ചാവടിനടയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രമുറങ്ങുന്ന പൗര്‍ണ്ണമികാവിന് പ്രതാപമാര്‍ന്നൊരു ഭൂതകാലമുണ്ട്.


കേരളത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം. വടക്ക് തിരുവല്ല മുതല്‍ തെക്ക് നാഗര്‍കോവില്‍ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയും ഉള്ള ഭൂമി ആയ് രാജാക്കന്‍മാരുടെ നിയന്ത്രണത്തില്‍ ആയിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തലസ്ഥാനമാക്കി ആയിരുന്നു ആയ് രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നത്. അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമുഖവും പട്ടണവും ആയിരുന്നു.


കരുനന്തടുക്കന്‍, അദ്ദേഹത്തിന്റെ മകന്‍ വിക്രമാദിത്യ വരഗുണന്‍ എന്നിവരായിരുന്നു ആയ് രാജവംശത്തിലെ പ്രഗല്‍ഭരായ രാജാക്കന്‍മാര്‍. ഒരു വശം വനനിബിഡവും മറുവശം ജലാശയങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണവുമായിരുന്നു ആയ് രാജ്യം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഭരണ കേന്ദ്രം മാറ്റുവാന്‍ ആയ് രാജാക്കന്‍മാര്‍ നൈപുണ്യരായിരുന്നു. ആയ് രാജവംശത്തിലെ പല പ്രദേശങ്ങളും ഇന്ന് കടലിനടിയിലാണ്.


ആയ് രാജാക്കന്‍മാരുടെ വേരുകള്‍ തേടി പോകുമ്പോള്‍ ചരിത്രത്തിന്റെ പിന്‍ബലത്തില്‍ നമുക്ക് എത്തിച്ചേരാന്‍ സാധിക്കുക ഭഗവാന്‍ ശ്രീകൃഷ്ണന്റെ ദ്വാരകയിലേക്കും യാദവകുലത്തിലേക്കുമാണ.് മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിന്‍മുറക്കാരാണ് യഥാര്‍ത്ഥത്തില്‍ ആയ് രാജവംശം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ പാലിയം ചെമ്പേടുകള്‍ പോലുള്ള ചരിത്രരേഖകളില്‍ ആയ് രാജാക്കന്‍മാര്‍ യാദവരായിരുന്നു എന്ന് തെളിയിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്.


ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തിന് ശേഷം ദ്വാരകയെ സമുദ്രം വിഴുങ്ങുകയും യാദവര്‍ തമ്മില്‍ തല്ലി നശിക്കുകയും ചെയ്യുന്നതിന് മുന്നേ പലരും ദ്വാരകയില്‍ നിന്ന് പല ഭാഗങ്ങളിലേക്കും പാലായനം ചെയ്തു. കന്നുകാലി വളര്‍ത്തല്‍, കൃഷി, ക്ഷേത്രങ്ങളും രാജഭവനങ്ങളും നിര്‍മ്മിക്കല്‍, സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും വ്യാപാരങ്ങളും ഇതൊക്കെയായിരുന്നു യാദവരുടെ പ്രധാന തൊഴില്‍.


ഇതില്‍ സമുദ്രവുമായി ബന്ധപ്പെട്ട് വ്യാപാരവും വ്യവസായവും ചെയ്ത് വന്നിരുന്ന യാദവരില്‍ ഒരു വിഭാഗം സമുദ്രഭാഗങ്ങളിലൂടെ കാലങ്ങളോളം സഞ്ചരിക്കുകയും വിഴിഞ്ഞത്ത് എത്തിചേരുകയും ചെയ്തു. തീരദേശ വ്യാപാര വ്യവസായങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും രാജ്യശക്തികളായി വളര്‍ന്ന ഇവരാണ് സമുദ്രത്തിന്റെ മറ്റൊരു പര്യായമായ ആഴി എന്ന പദത്തില്‍ നിന്ന് ഉദ്ഭവിച്ച ആയ് രാജവംശം.


വിഴിഞ്ഞവും കാന്തള്ളുരും സൈനിക കേന്ദ്രങ്ങളാക്കി ഭരണം നടത്തിയവരായിരുന്നു ആയ് രാജാക്കന്‍മാര്‍. ദ്വാരകയില്‍ നിന്ന് ഗോകര്‍ണ്ണം - മംഗലാപുരം വഴി മലബാറില്‍ എത്തി ചേര്‍ന്ന യാദവരിലെ മറ്റൊരു വിഭാഗമാണ് പില്‍ക്കാലത്ത് കോലത്തിരി രാജവംശം എന്ന പേരില്‍ പ്രസിദ്ധരായത്.


ആയ് രാജാക്കന്‍മാരുടെ സാമ്പത്തികവും വ്യാവസായികവും വിദ്യാഭ്യാസപരവുമായ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണം രാജവംശത്തിന്റെ രക്ഷകയും യുദ്ധദേവതയുമായി കണ്ട് രാജാക്കന്‍മാര്‍ ആരാധിച്ച് പോന്നിരുന്ന അവരുടെ ഉപാസനമൂര്‍ത്തിയും കുലദേവതയുമായ പടകാളിയമ്മന്‍ എന്ന ദേവിയായിരുന്നു. ആയ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്ത് സപ്തമാതാക്കളുടെ അധിപതിയായിട്ടായിരുന്നു രാജാക്കന്‍മാര്‍ പടകാളിയമ്മനെ പ്രതിഷ്ഠിച്ചിരുന്നത്. ബാലഭദ്രയായും ബാലസുന്ദരിയായും ത്രിപുര സുന്ദരിയായും അഞ്ച് വിവിധ ഭാവങ്ങളില്‍ രാജാക്കന്‍മാര്‍ ദേവിയെ ഉപാസിച്ചിരുന്നു.


യുദ്ധദേവത എന്നതിന് പുറമെ സകല വിദ്യകളുടേയും ദേവത കൂടിയായിരുന്നു പടകാളിയമ്മന്‍. ദേവീ ഉപാസനയാലാണ് ആയ് രാജാക്കന്‍മാരുടെ ഭരണം രാഷ്ര്ടീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായി വളരെ ഔന്നത്യത്തിലെത്തിയത്. ചോള രാജവംശം ശക്തി പ്രാപിച്ചതോടു കൂടി ആയ് രാജവംശത്തെ കീഴ്‌പ്പെടുത്താന്‍ വിഴിഞ്ഞം തുറമുഖം വഴി നിരന്തരം ആക്രമണങ്ങള്‍ നടത്തി. എന്നാല്‍ ഈ ആക്രമണങ്ങളെയെല്ലാം ആയ് രാജാക്കന്‍മാര്‍ തങ്ങളുടെ ഉപാസനാ ദേവതയായ പടകാളിയമ്മന്റെ അനുഗ്രഹത്താല്‍ പരാജയപ്പെടുത്തി.


ആയ് രാജാക്കന്‍മാരുടെ സമസ്തമേഖലകളിലുമുള്ള വളര്‍ച്ചയ്ക്കും യുദ്ധവൈദഗ്ദ്യത്തിനും കാരണം അവരുടെ ഉപാസനാമൂര്‍ത്തിയായ പടകാളിയമ്മന്‍ ആണെന്ന് മനസ്സിലാക്കിയ ചോളന്‍മാര്‍ ദേവിയുടെ പ്രതിഷ്ഠയും ആഭരണങ്ങളും സ്വന്തമാക്കുവാന്‍ ശ്രമം തുടങ്ങി. ഇത് മനസ്സിലാക്കിയ ആയ് രാജവംശം തങ്ങളുടെ ഉപാസനാ മൂര്‍ത്തിയെ വിഴിഞ്ഞത്തെ ക്ഷേത്രത്തില്‍ നിന്ന് ആവാഹിച്ച് സമീപപ്രദേശത്തെ വനത്തില്‍ (ഇന്ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ചാവടി നട) ഒരു മരത്തിന് താഴെ പ്രതിഷ്ഠിച്ചു. പിന്നീട് അവിടെ എത്തി ദേവിയ്ക്ക് ബലി നല്‍കിയും പൂജകള്‍ അര്‍പ്പിച്ചുമായിരുന്നു രാജാക്കന്‍മാര്‍ യുദ്ധത്തിനും വ്യാപാര വ്യവസായങ്ങള്‍ക്കും പോയിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് രാജവംശത്തിന്റെ ദേവീ ഉപാസനയ്ക്ക് ഭംഗം വന്നു. ഇതിനിടയില്‍ ആയ് രാജാക്കന്‍മാരെ ആക്രമിച്ച ചോളന്‍മാര്‍ വിഴിഞ്ഞത്ത് പ്രതിഷ്ഠിച്ചിരുന്ന ദേവീവിഗ്രഹം സ്വന്തമാക്കുകയും തങ്ങളുടെ ഭരണസിരാകേന്ദ്രമായ തഞ്ചാവൂരിലെത്തിച്ച് ഉപാസനകളും പൂജകളും നടത്തി ശക്തരും പ്രസിദ്ധരുമാകുകയും ചെയ്തു.


രാജരാജ ചോളന്‍, രാജേന്ദ്രചോളന്‍ എന്നീ പ്രഗല്‍ഭരായ ചോള രാജാക്കന്‍മാര്‍ ദേവിയുടെ അനുഗ്രഹത്താല്‍ തഞ്ചാവൂരിലെ ശിവക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങള്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. ദേവീ ഉപാസനയാല്‍ തന്നെ തെക്കേ ഇന്ത്യയില്‍ സാംസ്‌ക്കാരികപരമായി ഉന്നതിയിലെത്തിയ അവര്‍ ഭരണ പരിഷ്‌ക്കാരങ്ങളില്‍ രാജ്യത്തിന് സമഗ്രസംഭാവനകള്‍ ചെയ്ത രാജവംശം എന്ന ഖ്യാതിയും നേടി. സിദ്ധവിദ്യാകാരിയും സകലകലാസ്വരൂപിണിയുമായ ദേവിയെ ഉപാസിച്ച് പൂജകള്‍ ചെയ്ത പല ഭക്തന്‍മാരും സിദ്ധന്‍മാരായി അറിയപ്പെട്ടു. തമിഴ് ജനത ആത്മീയജ്ഞാനത്തിലും സംഗീത, ശാസ്ത്ര കലകളിലും ദേവീ ഉപാസനയാല്‍ പ്രവീണരായി.


ദേവതാ ഉപാസനക്ക് ഭംഗം വന്നതു കാരണം ഈ സമയം തീരപ്രദേശങ്ങളടക്കം മലയാളനാടിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ മഹാപ്രളയം ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായി. ദേവതയോടൊപ്പമുണ്ടായിരുന്ന 21 ഉഗ്രമൂര്‍ത്തികളും പല ദേശങ്ങളിലായി മാറി. തുടര്‍ന്ന് വന്ന രാജവംശങ്ങളും ഈ ദേവതയെ ആരാധിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല.


രാജകുടുംബങ്ങള്‍ പൂജക്കായി പലരേയും നിയമിച്ചിരുന്നെങ്കിലും അവരുടെ പൂജാധികാര്യങ്ങളില്‍ ദേവതക്ക് വേണ്ടത്ര തൃപ്തി ഉണ്ടായില്ല. ധര്‍മ്മത്തിലും നീതിയിലും നിതാന്തയായി കുടികൊണ്ട് രാജ്യത്തെ സമ്യദ്ധിയിലേക്ക് നയിച്ച ദേവിയോടുള്ള അനാദരവ് പടകാളിയമ്മനെ കൂടുതല്‍ ക്രൂദ്ധയാക്കി. ദേവി രുദ്രഭാവം പൂണ്ട് ഉഗ്ര സ്വരുപിണിയായി സഞ്ചരിച്ചു. ദ്വാരകയിലെ പ്രളയം പോലെ കര കടലായി. തുറമുഖവും പട്ടണവും ഉള്‍പ്പടെ ആയ് രാജവംശത്തിന്റെ എല്ലാ വ്യാവസായിക മേഖലകളിലും നാശം സംഭവിച്ചു. രാജവംശത്തിന് രാജ്യം തന്നെ നഷ്ടപ്പെട്ടു.


ക്രമേണ ഭൂമിയെല്ലാം പല വ്യക്തികളുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. ആയ് രാജാക്കന്‍മാര്‍ ദേവിയെ ഇരുത്തിയ സ്ഥലവും വ്യക്തികളുടെയും കുടുംബങ്ങളുടെയും കൈവശമായി. പക്ഷെ ആ കുടുംബങ്ങളിലും ചുറ്റുപാടുകളിലും ഘോരാരിഷ്ടതകള്‍ കണ്ടുതുടങ്ങി.


പടകാളിയമ്മന്റെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ ദേവജ്ഞരായവര്‍ ദേവതാപ്രീതിക്കായി ദേവീയോട് തന്നെ പ്രാത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലം കണ്ടതോടെ വിധിപ്രകാരം ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിനും പ്രതിഷ്ഠക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൂഞ്ഞാര്‍ കൊട്ടാരത്തിന്റെ കുലഗുരുവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആത്മീയ ഉപദേശകനുമായിരുന്ന പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പുന:പ്രതിഷ്ഠ നടന്നു. രോഗനിവാരണത്തിനും ബാധ-ദോഷ മുക്തിയ്ക്കും സന്താന സൗഭാഗ്യത്തിനും പ്രസിദ്ധിയാര്‍ജ്ജിച്ച ആ ക്ഷേത്രമാണ് പൗര്‍ണ്ണമി നാളില്‍ മാത്രം നട തുറക്കുന്ന ചരിത്രമുറങ്ങുന്ന ഇന്നത്തെ പൗര്‍ണ്ണമിക്കാവ്.


ഹാലാസ്യ ശിവ ഭഗവാന്റെ പൂര്‍ണ്ണരൂപ വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രമാണ് പൗര്‍ണ്ണമിക്കാവ്. 51 അക്ഷരങ്ങള്‍ക്കും ഉപാസനാമൂര്‍ത്തികളായി ഓരോ ദേവതമാര്‍ ഉണ്ടെന്ന് കണ്ടെത്തുകയും 51 അക്ഷര ദേവതകളെ പ്രതിഷ്ഠിക്കുകയും ചെയ്ത ലോകത്തിലെ ഏകക്ഷേത്രമാണ് പൗര്‍ണ്ണമിക്കാവ്.


12 വര്‍ഷം നീണ്ട പഠനങ്ങള്‍ക്ക് ശേഷമാണ് അക്ഷരദേവത പ്രതിഷ്ഠ യാഥാര്‍ത്ഥ്യമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖഗണപതി ഭഗവാന്‍ പ്രതിഷ്ഠയും ഒറ്റക്കല്ലില്‍ തീര്‍ത്ത ഏറ്റവും വലിയ നാഗ പ്രതിഷ്ഠയും പൗര്‍ണ്ണമി കാവിന്റെ സവിശേഷതയാണ്. കൂടാതെ പന്നി മാടന്‍, ചുടലമാടന്‍, അഗ്‌നി മാടന്‍ തുടങ്ങി 108 തമ്പുരാക്കന്‍മാരും സന്താന സൗഭാഗ്യം നല്‍കി യക്ഷിയമ്മയും കാലഭൈരവസ്വാമി, ധനഭൈരവ സ്വാമി, ഉഗ്രരക്തചാമുണ്ഡി അമ്മ, തീ ചാമുണ്ഡി അമ്മ, ബ്രഹ്മരക്ഷസ്, ഹനുമാന്‍ തുടങ്ങിയ ഉപദേവതകളും ഭക്തര്‍ക്ക് അനുഗ്രഹമേകി പൗര്‍ണ്ണമി കാവില്‍ വാണരുളുന്നു.Share this News Now:
  • Google+
Like(s): 3.7K