28 April, 2022 02:39:15 AM


വിജയ്ബാബു വിദേശത്ത്: ചോദ്യം ചെയ്യാനാകാതെ പോലീസ്; പേര് വെളിപ്പെടുത്തിയതിന് വീണ്ടും കേസ്

 

കൊച്ചി: ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയായ കോഴിക്കോട് സ്വദേശി തന്നെയാണ് വീണ്ടും പരാതി നൽകിയത്. എറണാകുളം സൗത്ത് പോലീസ് ആണ് കേസ് എടുത്തത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയ യുവതി തന്നെ വീണ്ടും പരാതിയുമായി രംഗത്ത് വന്നത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പൊലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പീഡന പരാതിക്ക് പിന്നാലെ ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്. ഇതോടെയാണ് പൊലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാൻ തീരുമാനിച്ചത്. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ വിജയ് ബാബു നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി 'Women Against Sexual Harassment'  ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K