27 April, 2022 05:02:00 PM


റമ്മി കളിയിൽ ആദ്യം ബിജിഷ ജയിച്ചു; അതോടെ കളി കാര്യമായി: അവസാനം ജീവനും 'നൽകി'



കോഴിക്കോട്: കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിനു പിന്നിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതാണെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍ പുറത്തു വന്നതിൽ ഞെട്ടിത്തരിച്ചു വീട്ടുകാരും സുഹൃത്തുക്കളും.

2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കാൻ ഇടയായ കാരണം എന്താണെന്നു വീട്ടുകാർക്കോ ബന്ധുക്കൾക്കോ വ്യക്തമായില്ല.

തുടർന്നാണ് ബിജിഷ 35 പവൻ സ്വർണം പണയംവച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയത്. എന്നാൽ, ഇത് എന്തിനു വേണ്ടിയാണെന്നോ ആർക്കു വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ചു കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിനു രൂപ ഇടപാട് നടത്തിയെന്നുമുള്ള കണ്ടെത്തല്‍ വീട്ടുകാര്‍ക്കു പോലും വിശ്വസിക്കാനായിട്ടില്ല. വിവാഹത്തിനായി വാങ്ങിയ 35 പവന്‍ പോലും വിറ്റതും വീട്ടുകാര്‍ പിന്നീടാണ് അറിഞ്ഞത്.

ആദ്യം ഗെയിമില്‍ ജയിച്ചു

കോവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകളിൽ സജീവമായതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ആദ്യം ചെറിയ രീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓൺലൈൻ റമ്മി പോലുള്ള ഗെയിമുകളിലേക്കു കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ചു പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്കു വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.

എന്നാൽ, ഓൺലൈൻ റമ്മിയിൽ തുടർച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.

വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും എന്തിനൊക്കെയാണ് 'Allow' ബട്ടൺ അമർത്തിയതെന്നു ശ്രദ്ധിക്കാതിരിക്കുകയും ചെയ്തതിനാലാണ് ബിജിഷയുടെ ഫോണിലെ വിവരങ്ങൾ ഇത്തരം ആപ്പുകാർ ചോർത്തിയതെന്നാണ് കരുതുന്നത്.

അപകടകാരിയായി ലോൺ ആപ്പും 

വിദേശ ബന്ധങ്ങൾ ഉള്ള കമ്പനികൾ വിവിധ സംസഥാനത്തുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ടും വ്യാജ സിം കർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചുമാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്... മൊബൈൽ ഫോണിൽ ലോൺ അപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ലോൺ എടുക്കാൻ ശ്രമിക്കുന്ന ആളുടെ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിൽ ആവുന്നു. തുടർന്ന് ഫോണിലെ കോൺടാക്ട്, സ്വകാര്യ ഫയലുകൾ തുടങ്ങിയ വിവരങ്ങൾ തട്ടിപ്പുകാർക്കു ലഭിക്കുന്നു.

ഒരുവിധ ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകൾ ആവശ്യക്കാരന്‍റെ അക്കൗണ്ടിലേക്കു നിക്ഷേപിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പുകാരുടെ ഭീമമായ സർവീസ് ചാർജ് കഴിച്ചുള്ള നാമ മാത്രമായ തുക ആയിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധിയുള്ള ഈ ലോൺ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയുടെ പതിന്മടങ്ങ് ആണ്.

നിശ്ചിത കാലാവധിക്ക് ഉള്ളിൽ ലോൺ അടക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും മറ്റു ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ലോൺ എടുക്കാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുകയും അതിൽനിന്നു ലഭിക്കുന്ന പണം പഴയ ലോൺ ക്ലോസ് ചെയ്യാനുമാണ് അവർ ഉപയോഗിക്കുന്നത്.

ഇങ്ങനെ കുറഞ്ഞ സമയംകൊണ്ട് ലോൺ എടുത്തവരെ ഭീമമായ കടക്കണിയിലേക്കു തള്ളിയിട്ടു ലോൺ തിരിച്ചടക്കാനായി തുടർച്ചയായി ഫോൺ കാൾ വഴിയും വാട്സ്ആപ് വഴിയും ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തിരിച്ചുപിടിക്കുന്നത്.

കൂട്ടുകാർക്കും ശല്യം

ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന പെർമിഷൻ വഴി തട്ടിപ്പുകാർ കരസ്ഥമാക്കുന്ന ഫോണിലെ കോൺടാക്ട് നമ്പറുകൾ ഉപയോഗിച്ചു ലോൺ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും അവരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ അശ്ലീല ഗ്രൂപ്പുകൾ നിർമിച്ചും ലോൺ എടുത്തയാളുടെ മോർഫ് ചെയ്ത ഫോട്ടോ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചും ലോൺ എടുത്തയാളെ മോശക്കാരനാക്കിയുമാണ് സമ്മർദത്തിൽ ആക്കുന്നത്.

ജനങ്ങൾ വായ്പ്പക്കായി അംഗീകൃത ഏജൻസികളെ മാത്രം സമീപിക്കണം. അനാവശ്യ മൊബൈൽ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് നേരത്തെ മുതൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K