25 April, 2022 07:45:23 PM


'എന്റെ കേരളം' പ്രദര്‍ശനവിപണന മേള; കൊഴുപ്പേകാൻ സൈക്കിള്‍ റാലിയും നാസിക് ഡോളും ഘോഷയാത്രയും



പാലക്കാട്‌ : ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രില്‍ 28 ന് വൈകീട്ട് മൂന്നിന് സൈക്കിള്‍ റാലിയും നാസിക്ക് ഡോളും തുടര്‍ന്ന് ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഘോഷയാത്രയും സംഘടിപ്പിക്കും.

ഗവ. വിക്ടോറിയ കോളേജ് മുതല്‍ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം വരെ സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലിയുടെ ഫ്‌ലാഗ് ഓഫ് ഗവ. വിക്ടോറിയ കോളേജില്‍ ജില്ലാ കലക്ടര്‍ മൃണ്‍യമീ ജോഷി നിര്‍വ്വഹിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന സൈക്കിള്‍ റാലിയില്‍ ഒന്നാം വാര്‍ഷികത്തിന്റെ ലോഗോ, ആശയം പതിപ്പിച്ച ടീഷര്‍ട്ടും തൊപ്പിയും ധരിച്ച 70-ഓളം യുവാക്കള്‍ പ്ലക്കാര്‍ഡുകള്‍ വഹിച്ച് പങ്കെടുക്കും. എലപ്പുള്ളി യുവതരംഗം സംഘമാണ് നാസിക് ഡോള്‍ അവതരിപ്പിക്കുക. ഘോഷയാത്രയില്‍ കുടുംബശ്രീ, സാക്ഷരതാ മിഷന്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര ജീവനക്കാരും അംഗങ്ങളും പങ്കാളികളാകും. ഘോഷയാത്രയും നാസിക് ഡോള്‍ അവതരണവും സ്റ്റേഡിയം സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങി ഉദ്ഘാടന വേദിയിലെത്തും.

കാഴ്ചവസന്തം തീര്‍ക്കാന്‍ പ്രണവം ശശിയും സംഘവും

പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് നാടന്‍ കലകളുടെ ദൃശ്യാവിഷ്‌കാരവുമായി പ്രണവം ശശിയും സംഘവും 'നാട്ടുചന്തം' നാടന്‍പാട്ട് അവതരിപ്പിക്കും. വള്ളുവനാടിന്റെ ഉത്സവപ്പറമ്പുകളിലെ കെട്ടുകാഴ്ചകളിലെ വട്ടമുടി, കരിങ്കാളി, പൂതന്‍ തിറ, പന്തക്കാളി കലാരൂപങ്ങളും തമിഴനാടിന്റെ അയ്യനാര്‍, മയിലാട്ടം കലാരൂപങ്ങളും തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനകലയായ പരുന്താട്ടവും നാടന്‍പാട്ടുകളുമായി കോര്‍ത്തിണക്കി പ്രണവം ശശിയും നാട്ടുചന്തത്തില്‍ കാഴ്ചവസന്തം തീര്‍ക്കും. പാരമ്പര്യമായി അനുഷ്ഠാനകലകള്‍ അവതരിപ്പിച്ചു വരുന്ന കലാകാരന്മാരാണ് കെട്ടുകാഴ്ച അവതരിപ്പിക്കുന്നത്. ഇരുപത്തഞ്ചോളം കലാകാരന്മാര്‍ പ്രണവം ശശിയോടൊപ്പം നാട്ടുചന്തത്തില്‍ ഭാഗമാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K