19 April, 2022 08:06:03 PM


പൗർണമി കാവിൽ മഹാകാളികാ യാഗം മെയ് 6 മുതല്‍; ആചാര്യ കൈലാസപുരിസ്വാമി പങ്കെടുക്കും



തിരുവനന്തപുരം: ഹിമാലയസാനുക്കളിൽ തപസനുഷ്ഠിക്കുന്ന അഘോരസന്യാസിതലവന്‍ ആചാര്യ കൈലാസപുരി സ്വാമി  ആദ്യമായി തലസ്ഥാനത്തെത്തുന്നു. ചുടലഭസ്മം മേനിയിൽ പൂശി, രുദ്രാക്ഷമാലകൾ ആഭരണവും വേഷവുമാക്കി തൃശൂലവും ഡമരുവുമേന്തിയ ഈ അഘോരിസന്യാസി കേരളത്തിലെത്തുന്നത് മെയ് 6 മുതൽ 16 വരെ വെങ്ങാനൂർ പൗർണമി കാവിൽ നടക്കുന്ന മഹാകാളികായാഗത്തിന് യജ്ഞാചാര്യനായാണ്. ഇദ്ദേഹത്തോടൊപ്പം നിരവധി അഘോരികളും യാഗത്തില്‍ പങ്കെടുക്കും.


ഭാരതത്തിലെ അഘോരി സന്യാസിമാർക്കിടയിൽ ഏറ്റവും പ്രായമുള്ള സന്യാസിയാണ് എൺപത്തേഴുകാരനായ കൈലാസപുരി സ്വാമി . ഉജ്ജയിനി മഹാകാൽ ശിവക്ഷേ ത്രത്തിലേയും, കാശി വിശ്വനാഥ ക്ഷേത്രത്തിലെയും അഘോരിമാർക്കിടയിൽ മഹാകാൽ ബാബ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 11 വർഷം മഹാകാലേശ്വർ ശിവക്ഷേത്രത്തിലെ ചുടലഭസ്മാഭിഷേക ആചാര്യനായിരുന്നു. അതിനു ശേഷം ഉത്തരാഖണ്ഡിൽ ആശ്രമം സ്ഥാപിച്ചു . ഒരു സ്ഥലത്തും സ്ഥിരമായി കഴിയാറില്ല.



മൂന്ന് വർഷം മുമ്പ് മഹാകാലേശ്വർ ശിവക്ഷേത്രത്തിൽ നെയ്യഭിഷേക സമയത്ത് ശിവലിംഗത്തിൽ കൈലാസപുരി സ്വാമിയുടെ മുഖം തെളിഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതോടെ വിശ്വാസികൾക്കിടയിൽ ഇദ്ദേഹം അവധൂതനും ഈശ്വരന്‍റെ പ്രതിരൂപവുമായി മാറി. അഘോരി സന്യാസിമാരുടെ ഉജ്ജയിനി മഹാകാൽ ഭൈരവ അഖാഡയുടെ തലവനാണ് ഇപ്പോൾ സ്വാമി.


കേരള ചരിത്രത്തിൽ ആദ്യമായാണ് മഹാകാളികായാഗം നടക്കുന്നത്. സൂര്യവംശി അഖാഡ കേരള ഘടകമാണ് യാഗം സംഘടിപ്പിക്കുന്നത്. 7500 ഇഷ്ടികകളാൽ നിർമ്മിക്കുന്ന മൂന്ന് യാഗ കുണ്ഡങ്ങൾ പ്രത്യേകതയാണ്. യാഗശാലയിലെത്തുന്ന ഭക്തനും ദ്രവ്യ സമർപ്പണം നടത്താം എന്നതും മറ്റൊരു പ്രത്യേകത. സന്യാസി വര്യൻമാരുടെ യതിപൂജയും യാഗസ്ഥലത്ത് നടക്കപ്പെടും. ഒരു ലക്ഷത്തി പതിനായിരത്തെട്ട് തിലഹോമത്തിന് തുല്യമായതും 16 തലമുറയിലെ പിതൃക്കള്‍ക്ക് മുക്തി ലഭിക്കുന്നതുമായ കാലഭൈരവഹവനവും യാഗത്തിന്‍റെ ഭാഗമായി നടക്കും.


കൊല്ലൂർ മൂകാംബിക ക്ഷേത്ര മുഖ്യന്ത്രി ഡോ. രാമചന്ദ്ര അഡിഗയാണ് യാഗത്തിന് മുഖ്യ കാർമ്മികനാവുന്നത്. കാളഹസ്തിതി ക്ഷേത്ര പുരോഹിത് ആചാര്യ വിശ്വനാഥ ശർമ്മ, പഞ്ചാബിലെ പുരോഹിത് മാം പീഠം മുഖ്യ പുരോഹിത് ആചാര്യ രാംലാൽ ശാസ്ത്രി, കൊൽക്കത്തയിലെ കാളിഘട്ട് കാളി ക്ഷേത്ര മുഖ്യ പുരോഹിത് ഡോ.സോമനാഥ് ചാറ്റർജി, തെലുങ്കാന കാളികാക്ഷേത്രം മുഖ്യതന്ത്രി ആചാര്യ ഗോവിന്ദനാഥ് ശർമ്മ, മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രം മുഖ്യ പുരോഹിതൻ ആചാര്യ പ്രശാന്ത് പ്രഭു ത്രിവേദി, ആനന്ദ് ശർമ്മ , അരുൺ സൂര്യഗായത്രി, ഡോ. മനോജ് നമ്പൂതിരി തുടങ്ങി ഭാരതത്തി ലെ വിവിധ ഭാഗങ്ങളിൽ നിന്നും 56 സന്യാസി വര്യൻമാർ യാഗത്തിന് കർമ്മികളാവും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K