04 April, 2022 06:32:39 PM


മലമ്പുഴയില്‍ മൂന്ന് വിദ്യാലയങ്ങള്‍ കൂടി ജൂണില്‍ ഹൈടെക്കാവും; ചെലവ് 5.8 കോടി രൂപ



പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണപുരോഗതി അവലോകന യോഗം എ. പ്രഭാകരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലമ്പുഴ അകത്തേത്തറ ജി.യു.പി.എസ്, മലമ്പുഴ ജി.വി.എച്ച്.എസ്.എസ്, ഉമ്മിനി ജി.യു.പി.എസ് സ്‌കൂളുകള്‍ ജൂണ്‍ മാസത്തോടെ ഹൈടെക്കാവും.


അകത്തേത്തറ ജി.യു.പി.എസില്‍ 2017 - 18 വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.8 കോടി രൂപ ചെലവില്‍ 14 ക്ലാസ്സ് മുറികളാണ് നിര്‍മ്മിക്കുന്നത്. എല്‍.എസ്.ജി.ഡിയാണ് നിര്‍വഹണ ഏജന്‍സി. നിര്‍മ്മാണത്തിന് അധികമായി ആവശ്യമുള്ള 30 ലക്ഷം രൂപ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് യോഗത്തില്‍ അറിയിച്ചു.


മലമ്പുഴ ജി.വി.എച്ച്.എസ്.എസില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 14 ക്ലാസ്സ്മുറികള്‍, രണ്ട് ലാബ്, അടുക്കള എന്നിവയാണ് നിര്‍മ്മിക്കുന്നത്.ഉമ്മിനി ജി.യു.പി.എസിനായി ഒരു കോടി ചെലവില്‍ ഒമ്പത് ക്ലാസ്സ് മുറികളാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് നിര്‍വഹണ ഏജന്‍സികള്‍ അറിയിച്ചു.


യോഗത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്ത കൃഷ്ണന്‍, പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, ജി.യൂ.പി.എസ് പ്രധാനാധ്യാപകന്‍ ഹരിസെന്തില്‍, പി.ടി.എ പ്രസിഡന്റ് നിത്യാനന്ദന്‍, മലമ്പുഴ ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ടി.എന്‍ മുരളി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ അനിത, എ.എച്ച്.എം കെ.സി ദേവിക, പി.ടി.എ പ്രസിഡന്റ് എം.ആര്‍ ശിവപ്രസാദ്, വൈസ് പ്രസിഡന്റ് പി. ജയ്ജിത്ത്, എഞ്ചിനീയര്‍മാര്‍, നിര്‍വഹണ ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K