18 March, 2022 06:44:15 PM


കളമശ്ശേരിയിൽ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു; നാല് പേര്‍ മരിച്ചു



കൊച്ചി: കളമശേരിയിൽ കെട്ടിടത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളായ നാല് പേര്‍ മരിച്ചു. ബംഗാൾ സ്വദേശികളായ നൗജേഷ് മണ്ഡൽ, റൂളാമിൻ  മണ്ഡൽ, ഫൈജുൽ മണ്ഡൽ, കുഡുസ് മണ്ഡൽ എന്നിവരാണ് മരിച്ചത്. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായത്. 

ഏഴ് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്. 25 ഓളം അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. മണ്ണിനുള്ളിൽ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. അവർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 7 തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളിൽ കുടുങ്ങിയതെന്നാണ് വിവരം. ഒരാൾ കൂടി കുടുങ്ങിയെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്.  

കളമശ്ശേരി അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. എ ഡിഎം അന്വേഷിക്കുമെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചോയെന്ന് അന്വേഷിക്കും. വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ കർശന നടപടിയെന്നും കളക്ടർ. പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തികളും നിർത്തിവെക്കാനും നിർദ്ദേശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K