06 February, 2022 10:11:04 AM
ഒരു യുഗത്തിന് അന്ത്യം: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കഷ്ക്കർ അന്തരിച്ചു

മുംബൈ: സംഗീത ഇതിഹാസം ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേറ്റ് മാറ്റിയിരുന്നു.
ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടർന്ന് ലതാമങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഇന്നലെ ഡോക്ടർമാർ അറിയിച്ചിരുന്നത്. നിരവധി പ്രമുഖർ ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് എത്തുന്ന സാഹചര്യം കൂടി പരിഗണിച്ച് ആശുപത്രിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു. 
സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയൽ, എംഎൻഎസ് തലവൻ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ 1929-ലാണ് ലതാ മങ്കേഷ്കറുടെ ജനനം. 1942 മുതൽ അവർ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാൽക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്കരാങ്ങൾ അവർക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതൽ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്കർ പ്രവർത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്.
ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ  സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.  വരും തലമുറകൾക്കായി നിത്യ ഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം.
പേര് മാഞ്ഞു പോകാം.. മുഖം മാറി പോകാം.. എന്റെ ശബ്ദം മാത്രം ആയിരിക്കും എന്റെ അടയാളം..... ഗുൽസാറിന്റെ ഈ വരികൾ  ലതയെ കുറിച്ച് തന്നെയാണ്. 
ഒരു വിദേശ സുഹൃത്ത് ഒരിക്കൽ അമിതാബ് ബച്ചനോട് നിരാശയോടെ പറഞ്ഞത് ഇങ്ങിനെ.ഇന്ത്യയിൽ ഉള്ളതെല്ലാം ഈ നാട്ടിലുമുണ്ട് രണ്ടെണ്ണം ഒഴികെ.താജ് മഹലും പിന്നെ ലത മങ്കേഷ്കരും... തലമുറകളിലേക്ക് പകർന്നൊഴുകിയ വിസ്മയ നാദം..ഇന്നും ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും തുടിക്കുന്ന ശബ്ദം.. രാജ്യത്തിന്റെ ചരിത്ര, പൈതൃക സമ്പത്തായ ശബ്ദം.
ഇൻഡോറിൽ നിന്ന് ഇന്ത്യയുടെ സംഗീത റാണിയിലേക്കുള്ള ലതയുടെ യാത്ര സമാനതകൾ ഇല്ലാത്തതായിരുന്നു.. സംഗീതജ്ഞനായ അച്ഛൻ ദീനനാഥ് മങ്കേഷ്കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരി. മുംബൈക്ക് വണ്ടി കയറുമ്പോൾ താഴെയുള്ള 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു ലതയുടെ ഉള്ളിൽ. യാത്രാകൂലി പോലും കയ്യിൽ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളിൽ കിലോമീറ്ററുകൾ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്. നേർത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേർ അവർക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച കാർക്കശ്യത്തിന് പിന്നിൽ ലത താണ്ടിയ ഈ കഠിനവഴികൾ ആണെന്ന് പറയാറുണ്ട് അടുപ്പമുള്ളവർ .
അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞൻ ഗുലാം ഹൈദറാണ്. 1948-ൽ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദർ ഏൽപ്പിച്ചത് നിർമ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്.  ശേഷം  കണ്ടത് ചിറകടിച്ചുയർന്ന ഇന്ത്യയുടെ വാനമ്പാടിയെയാണ്.
പിന്നണി ഗാനരംഗത്ത് നൂർജഹാനും സുരയ്യയും ഷംസാദ് ബീഗവും  കൊടികുത്തിവാണിരുന്ന കാലത്താണ് ലതയുടെ വരവ്. അനുകരണങ്ങൾക്ക് പിന്നാലെ പോകാതെ, പരമ്പരാഗത രീതി വിട്ട് ആലാപനത്തിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയ ലത സിനിമ ഗാനശാഖക്കാകെ പുത്തനുണർവേകി. പുതിയ പരീക്ഷണങ്ങൾ നടത്താനും പുത്തൻ പ്രവണതകൾ രൂപപ്പെടുത്തിയെടുക്കാനും സംഗീതസംവിധായകർക്ക് ലത പ്രചോദനമായി. ലതക്ക് മുൻപും ശേഷവും എന്ന് സിനിമ വിഭജിക്കപ്പെട്ടു.
 
                                 
                                        



