24 January, 2022 12:49:00 PM


വെള്ളവും ഭക്ഷണവും ലഭിക്കാതെ അറവുമാടുകൾ കുഴഞ്ഞ് വീണു; പ്രതിഷേധവുമായി നാട്ടുകാർ



കൊച്ചി: വെള്ളവും ഭക്ഷണവും ലഭിക്കാതെ അറവുമാടുകൾ കുഴഞ്ഞു വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. നെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പ് കശാപ്പുകാരൻ വാടകക്കെടുത്ത ശേഷം മാടുകളെ കെട്ടിയിട്ടിരുന്നു. 

നാല് പശുക്കളും നാല് കാളകളുമാണ് ഉണ്ടായിരുന്നത്. ഒരാഴ്ച്ചയായിട്ട് ഇവക്ക് വെള്ളവും ഭക്ഷണവും ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഞായറാഴ്ച്ച ഉച്ചയോടെ മൂന്നെണ്ണം അവശനിലയിൽ കുഴഞ്ഞു വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ പ്രതിഷേധവുമായെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പനങ്ങാട് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് മരട് വെറ്റിനറി ഡോക്ടർ ഐശ്യര്യയും മറ്റ് ജീവനക്കാരും സ്ഥലത്തെത്തി. നാട്ടുകാർ വെള്ളം നൽകിയതിനെ തുടർന്ന് എഴുന്നേറ്റ മാടുകളിൽ ഒന്ന് അക്രമാസക്തമായി. അതിന്‍റെ കുത്തേറ്റു സമീപവാസിയായ ഒരാൾക്ക് പരിക്കേറ്റു.

സ്ഥലത്തെത്തിയ ഉടമ ഇവയെ ഉടൻ മാറ്റാമെന്നറിയിച്ചതിനെ തുടർന്ന് പൊലീസുo വെറ്റിനറി വിഭാഗവും മടങ്ങി. ഇവിടെ കെട്ടിയിട്ടിരുന്നവയിൽ ഒരു എരുമ ശനിയാഴ്ച്ചയോടെ ചത്ത് കിടന്നത് ശ്രദ്ധയിൽപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. ഉടമയ്ക്കെതിരെ മൃഗ പീഡന നിരോധിത നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് എസ്.പി.സി.എ.അധികൃതർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K