18 January, 2022 09:18:21 PM


കോട്ടയത്ത്‌ മൂന്നു വർഷത്തിനുള്ളിൽ കരുതൽ തടങ്കൽ നടപ്പായത് 8 ശുപാർശകളിൽ



കോട്ടയം: കോട്ടയം ജില്ലയിൽ 2018 മുതൽ 2021 വരെ പോലീസ് സമർപ്പിച്ച 89 ശുപാർശകളിൽ 8 എണ്ണത്തിൽ മാത്രമെ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളുവെന്ന് ജില്ലാ പോലീസ് മേധാവി പത്രകുറിപ്പിൽ അറിയിച്ചു. 2018 മുതൽ ഗുണ്ടാ-സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് സജീവമായി അക്രമ പ്രവർത്തനങ്ങളിലേർപ്പെട്ടു വരുന്നവർക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ കരുതൽ തടങ്കൽ വകുപ്പ് 3, സഞ്ചലന നിയന്ത്രണം വകുപ്പ് 15 എന്നിവ പ്രകാരം കർശനമായി നടപ്പിലാക്കുവാന്‍ പോലീസ് ശ്രമിച്ചിട്ടുള്ളതാണെന്നും അവർ അറിയിച്ചു.

2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 3 പ്രകാരം കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 89 ശുപാർശകൾ കോട്ടയം ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. അതിൽ 20 എണ്ണം അംഗീകരിച്ച് കരുതൽ തടങ്കൽ ഉത്തരവാകുകയും 69 ശുപാർശകൾ വിവിധ കാരണങ്ങൾ സൂചിപ്പിച്ച് നിരസിച്ചിട്ടുള്ളതുമാണ്. കരുതൽ തടങ്കൽ ഉത്തരവായ 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 9 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 2 എണ്ണം ഹൈക്കോടതിയും ഒരു ഉത്തരവ് കേരള സർക്കരും റദ്ദ് ചെയ്തിട്ടുള്ളതാണ്. യഥാർത്ഥത്തിൽ പോലീസ് സമർപ്പിച്ച 89 ശുപാർശകളിൽ 8 എണ്ണത്തിൽ മാത്രമെ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളു. അതായത് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് വകുപ്പിൽ നിന്നും സമർപ്പിച്ച 8.98% അപേക്ഷകളിൽ മാത്രമെ ഫലപ്രദമായ തുടർ നടപടികൾ ഉണ്ടായിട്ടുള്ളു എന്ന് സാരം. പോലീസ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ 90 ശതമാനത്തിലേറെ റിപ്പോര്‍ട്ടുകളിലും വിവിധ കാരണങ്ങളാല്‍ ഫലപ്രദമായ തുടര്‍നടപടികള്‍ ഉണ്ടായില്ല എന്നും വെളിപ്പെടുത്തൽ.

2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് 15 പ്രകാരം സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി 78 ശുപാർശകൾ എറണാകുളം റേഞ്ച് ഡി.ഐ.ജിക്ക് സമർപ്പിച്ചിരുന്നു. ഇതിൽ 51 എണ്ണം അംഗീകരിച്ച് സഞ്ചലന നിയന്ത്രണം ഉത്തരവാകുകയും 26 ശുപാർശകൾ നിരസിച്ചിട്ടുള്ളതും, 1 ശുപാർശ റേഞ്ച് ഡി.ഐ.ജി വശം പരിഗണനയില്‍ ഇരിക്കുന്നതുമാണ്. സഞ്ചലന നിയന്ത്രണത്തിനു വേണ്ടിയുള്ള 20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 11 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 1 എണ്ണം ഹൈക്കോടതിയും റദ്ദ് ചെയ്തിട്ടുള്ളതാണ്. യഥാർത്ഥത്തിൽ 2018 മുതൽ 2021 വരെ പോലീസ് സമർപ്പിച്ച 78 ശുപാർശകളിൽ 39 എണ്ണത്തിൽ മാത്രമെ സഞ്ചലന നിയന്ത്രണം ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളു.  ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി റേഞ്ച് ഡി ഐ ജിക്ക് സമർപ്പിച്ച 50% അപേക്ഷകളിലേ ഫലപ്രദമായ തുടർ നടപടികൾ സ്വീകരിക്കാന്‍ സാധിച്ചിട്ടുള്ളൂ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K