18 January, 2022 05:46:44 PM


സിൽവർ ലൈൻ പദ്ധതി: സാമ്പത്തിക - സാമൂഹിക കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും - മന്ത്രി വാസവൻ



കോട്ടയം: സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക-സാമൂഹിക മേഖലയിൽ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കാസർഗോഡ്-തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'ജനസമക്ഷം സിൽവർ ലൈൻ' വിശദീകരണ യോഗം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും മികച്ചതും ആകർഷകവുമായ നഷ്ടപരിഹാര-പുനരധിവാസ പാക്കേജാണ് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണമേഖലയിൽ നാലിരട്ടി വിലയും നഗരമേഖലയിൽ ഇരട്ടി വിലയും നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ആളുകൾ സമീപിക്കുന്ന നിലയിലുള്ള പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യവസായ-വാണിജ്യ മേഖലയിലും കാർഷിക രംഗത്തും തൊഴിലമേഖലയിലുമടക്കം പദ്ധതി വലിയ മാറ്റമുണ്ടാക്കും. സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതിന് ഒരു തടസവുമില്ല.

സിൽവർ ലൈൻ പദ്ധതിയിലൂടെ യാത്രാരംഗത്ത് സമയലാഭമുണ്ടാകുകയും വലിയ സാമ്പത്തിക ലാഭമുണ്ടാകുകയും ചെയ്യുന്നു. പദ്ധതിയിലൂടെ തൊഴിലവസരങ്ങളുണ്ടാകുന്നു. പദ്ധതിയുടെ നിർമാണ കാലയളവിൽ അമ്പതിനായിരം തൊഴിലവസരങ്ങളും പിന്നീട് 11,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. വലിയ നേട്ടങ്ങളാണ് പദ്ധതിയിലൂടെ ഉണ്ടാകുക. പശ്ചാത്തലസൗകര്യങ്ങളും വ്യാവസായിക വികസനം സാധ്യമാകുന്നു. പരിസ്ഥിതി സംരക്ഷിച്ചാണ് പദ്ധതി നടപ്പാകുക. പദ്ധതി എന്തുകൊണ്ടും സ്വീകാര്യമാണെന്ന് ഡി.പി.ആർ. പരിശോധിച്ചാൽ മനസിലാകും. കേരളത്തെ കീറിമുറിക്കുക എന്ന പ്രശ്നം അടിസ്ഥാനരഹിതമാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല. ഡി.പി.ആർ. പരിശോധിച്ചാൽ സ്വാഗതം ചെയ്യാവുന്ന പദ്ധതിയാണിത്. ഇക്കാര്യങ്ങൾ നമ്മൾ മനസിലാക്കണം. ചിലർ അന്ധമായി പ്രശ്നത്തെ സമീപിക്കുന്നു. ഉറക്കം നടിക്കുന്നവരെ വിളിച്ചെഴുന്നേൽപ്പിക്കാനാവില്ല. ഇന്ത്യയിൽ എട്ടു സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽവേ പദ്ധതികൾ നടപ്പാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നമുക്ക് ലോകോത്തര നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ട്.  

ഗെയിൽ പൈപ്പ് ലൈൻ, മലയോര-തീരദേശ ഹൈവേ, കൂടംകുളം വൈദ്യുതി ലൈൻ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പദ്ധതിയെക്കുറിച്ച് സമരക്കാരെയടക്കം ബോധ്യപ്പെടുത്തി നഷ്ടപരിഹാരമടക്കം നൽകി അവ യാഥാർഥ്യമാക്കാനും നിർമാണം ആരംഭിക്കാനും കഴിഞ്ഞു. നടപ്പാകില്ലെന്നു കരുതിയ പദ്ധതികളൊക്കെ അഭിമാനത്തോടെ നമുക്ക് നടപ്പാക്കാൻ കഴിഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിന് നാടിന്റെ വിവേകബുദ്ധി മുന്നോട്ടുവരണമെന്നും കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഗതാഗത താൽപര്യം
സംരക്ഷിക്കുന്ന പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: കേരളത്തിന്റെ ഗതാഗത താൽപര്യം സംരക്ഷിക്കുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം ജില്ലയിൽ നടന്ന 'ജനസമക്ഷം സിൽവർ ലൈൻ' വിശദീകരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
വികസ്വരരാജ്യങ്ങൾക്ക് വികസന രംഗത്തേക്ക് കടന്നുവരാൻ ശക്തമായ ഗതാഗതസംവിധാനം ആവശ്യമാണ്. രാജ്യത്തിന്റെ വികസനത്തിന് ഇതാവശ്യവുമാണ്. അതിനനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണം. സിൽവർ ലൈൻ പദ്ധതി വരുന്ന 50 വർഷത്തേക്ക് പരിപൂർണമായി നമ്മുടെ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് ഗതാഗതസൗകര്യം മെച്ചപ്പെടുത്താനും ഉപകരിക്കുന്നതാണെന്ന് വസ്തുതാപരമായി മനസിലാക്കാം. നിലവിൽ ദേശീയപാതപോലും ഗതാഗതക്കുരുക്കിന്റെ ഭാഗമായിക്കഴിഞ്ഞു. ശരാശരി 10-14 മണിക്കൂർ കൊണ്ടാണ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താനാകുക. അതിനെയെല്ലാം അതിജീവിക്കാൻ കഴിയുന്ന ഗതാഗതസംവിധാനം വേണം.  പശ്ചാത്തല സൗകര്യം വികസിപ്പിക്കാനുള്ള നല്ല പദ്ധതിയാണിത്. തർക്കങ്ങളും വിഷയങ്ങളുമൊക്കെ പരിശോധിക്കാം. സെൻസിറ്റീവായ വിഷയങ്ങളൊന്നും പദ്ധതിയുടെ ഭാഗമായി കാണാനാകുന്നില്ല. തടസങ്ങളൊന്നും നേരിടുന്നില്ല. ഒരു മേഖലയിലും പദ്ധതി ദോഷമുണ്ടാക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്വാഭാവികമായ വികസനം ഇതിലൂടെ സാധ്യമാകും. അടിസ്ഥാന സൗകര്യവികസനരംഗത്ത് ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന വികസനമാണ് ആരോഗ്യ-വിദ്യാഭ്യാസ രംഗത്തടക്കം സംസ്ഥാനം കരസ്ഥമാക്കിയത്. വികസിത രാജ്യങ്ങൾക്കൊപ്പം കിടപിടിക്കുന്ന ഗതാഗത സൗകര്യമടക്കം നമ്മുക്ക് വേണ്ടതുണ്ട്. സ്വാഭാവികമായും ചില എതിർപ്പുകളുണ്ടാകും. എതിർപ്പുകൾ എന്തിനെന്ന് മനസിലാക്കാൻ പൊതുസമൂഹം തയാറാകണം. നമ്മുടെ നാട് ഇങ്ങനെപോയാൽ മതിയോയെന്ന് ആലോചിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  

പദ്ധതി നൂറുശതമാനം സ്വാഗതാർഹം:
ജസ്റ്റിസ് കെ.ടി. തോമസ്

കോട്ടയം: സിൽവർ ലൈൻ പദ്ധതി വാണിജ്യ-വ്യവസായ-സാമൂഹിക രംഗത്ത് വലിയ നേട്ടവും മാറ്റവുമുണ്ടാക്കുമെന്നും പദ്ധതിക്ക് നൂറുശതമാനം പിന്തുണ നൽകുന്നതായും സ്വാഗതാർഹമാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. സിൽവർ ലൈൻ ജനസമക്ഷം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്തിട്ടുണ്ട്. ടോക്കിയോവിൽനിന്ന് അതിവേഗം ഹിരോഷിമയിൽ എത്താനായി. ഇത്തരം പദ്ധതികൾ നമ്മുടെ നാട്ടിലും വരണമെന്ന് അന്നുമുതൽ ആഗ്രഹിച്ചിരുന്നു. പദ്ധതിയുടെ ഗുണ-ദോഷങ്ങൾ പരിശോധിച്ചാൽ ഗുണമാണ് ഏറെ. പുതിയതായി വരുന്ന എന്തിനെയും ആദ്യം എതിർക്കുകയെന്നത് മനുഷ്യന്റെ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു. കരഘോഷത്തോടെയാണ് പദ്ധതിക്കുള്ള അദ്ദേഹത്തിന്റെ പിന്തുണയെ സദസ് സ്വീകരിച്ചത്.

വലിയ പുരോഗതിക്ക് വഴിതെളിക്കും:
പ്രൊഫ. സാബു തോമസ്

കോട്ടയം: സുസ്ഥിര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സിൽവർ ലൈൻ പദ്ധതി വലിയ പുരോഗതിക്ക് വഴിതെളിക്കുമെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസ് പറഞ്ഞു. 'സിൽവർ ലൈൻ ജനസമക്ഷം' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനും ചൈനയുമടക്കം പല രാജ്യങ്ങളും വളരെ മുമ്പേതന്നെ ഇത്തരം പദ്ധതികൾ പ്രാവർത്തികമാക്കി. വിദേശ രാജ്യങ്ങളിൽ പലയിടങ്ങളിലും ബുള്ളറ്റ് ട്രെയിനുകളിൽ യാത്രചെയ്തിട്ടുണ്ട്. വളരെ വേഗതയാർന്ന ഗതാഗത സൗകര്യങ്ങൾ വിവിധ മേഖലകളിൽ വലിയ മാറ്റത്തിന് വഴിതെളിക്കും. പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതിയായാണ് ഇതിനെ കാണുന്നത്. പരിസ്ഥിതി ആഘാത പഠനം വിപുലമായി നടത്തണം. ജലനിർഗമന മാർഗങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയിൽ മാറ്റമുണ്ടാക്കുന്ന
സ്വപ്ന പദ്ധതി: ഡോ. കെ.പി. ജയകുമാർ

കോട്ടയം: ആരോഗ്യമേഖലയിൽ പ്രത്യേകിച്ച് അവയവദാനവുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വപ്നപദ്ധതിക്കു കഴിയുമെന്ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ പറഞ്ഞു. അവയവദാനവുമായി ബന്ധപ്പെട്ട ഗതാഗതത്തിന് നേരിടുന്ന കാലതാമസം പരിഹരിക്കാൻ ഇത്തരം പദ്ധതികൾ ഉപകരിക്കും. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കൊക്കെ അവയവം എത്തിക്കുന്നതിന് ആറേകാൽ മണിക്കൂറൊക്കെ സമയമെടുത്തിരുന്നു. ഇത്തരം ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതി സഹായകമാകും. മൃതസഞ്ജീവനി പദ്ധതിക്ക് വലിയ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

എം.ജി. സർവകലാശാല പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദ കുമാർ, വ്യാപാര വ്യവസായ സമിതി ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ഡോ. വിപിൻ ദാസ്, വ്യാപാരവ്യവസായ ഏകോപന സമിതിയംഗം സാംസൺ എം. വലിയപറമ്പിൽ, പി. ജോബി, അഡ്വ. കെ. അനിൽകുമാർ, സംസ്ഥാന കള്ളുഷാപ്പ് ലൈസൻസ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. മോഹൻദാസ് കാഞ്ചന എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി. കെട്ടിടവും തൊഴിലും നഷ്ടപ്പെടുന്ന വ്യവസായികൾക്ക് ന്യായമായ നഷ്ടപരിഹാരം വേണമെന്നും പദ്ധതിക്ക് പിന്തുണ നൽകുന്നുവെന്നും വ്യാപാരി വ്യവസായ പ്രതിനിധികൾ പറഞ്ഞു. നഷ്ടപരിഹാരത്തിനൊപ്പം സ്റ്റേഷനുകളിൽ കടകൾ അനുവദിക്കുന്നതിന് ഇവർക്ക് മുൻഗണന നൽകുമെന്ന് കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പറഞ്ഞു.

കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനുള്ള മൂന്നുമാസം നീണ്ട റാപ്പിഡ് പഠനം നടത്തിയതായും 12 മാസം നീളുന്ന വിപുലമായ പഠനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പദ്ധതിയെക്കുറിച്ചുള്ള വിവിധ സംശയങ്ങൾക്ക് മറുപടി നൽകി. കെ റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും കമ്പനി സെക്രട്ടറിയും ജോയിന്റ് ജനറൽ മാനേജറുമായ ജി. അനിൽകുമാർ നന്ദിയും പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പ് സ്പെഷൽ ഓഫീസറും ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറിയുമായ സി.എ. ലത, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, വനംവികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ മേഖലയിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K