07 January, 2022 10:18:54 PM


നാളെ മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് നിര്‍ബന്ധിത ക്വാറന്‍റീന്‍



തിരുവനന്തപുരം : നാളെ മുതൽ വിദേശ രാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു വരുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ്. ഒമിക്രോൺ ആശങ്ക ഉയരുന്നതും കൊവിഡ് കേസുകൾ വർധിക്കുന്നതും കണക്കിലെടുത്താണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഏഴ് ദിവസത്തെ ക്വാറന്റീനു ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തും. വിമാനത്താവളങ്ങളിൽ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നു വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയുണ്ടാകും. നെഗറ്റീവായാല്‍ 7 ദിവസം ഹോം ക്വാറന്റീനും എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധനയും നടത്തും.

നെഗറ്റീവായാല്‍ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരും. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റീൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റീൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K