07 January, 2022 06:34:15 PM


ആശുപത്രികളിൽ സുരക്ഷാ ക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കും - വീണ ജോർജ്



കോട്ടയം: ആശുപത്രികളിൽ സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിൽ സി.സി.റ്റി.വി. സ്ഥാപിക്കും. സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകുകയും കണ്ടെത്തുകയും ചെയ്ത സംഭവത്തെത്തുടർന്ന് ആശുപ്രതിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.


സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മെഡിക്കൽ എജുക്കേഷൻ ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി.സി.റ്റി.വി. സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണോ എന്നതടക്കം നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്തും. ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിച്ചിരിക്കണം. മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളുടെ സ്വകാര്യത മാനിച്ചുകൊണ്ടു തന്നെ സി.സി.റ്റി.വി.കൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

എല്ലാ ആശുപത്രികളിലും സി.സി.റ്റി.വി. സ്ഥാപിക്കും. സുരക്ഷാക്രമീകരണങ്ങൾ കാലോചിതമായി പരിഷ്‌ക്കരിക്കും. ഇതിനായി അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗൈനക്കോളജി വാർഡിലെത്തി കുട്ടിയുടെ അമ്മ അശ്വതിയുമായി സംസാരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പി.ജയകുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായും കുട്ടിയുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K