05 January, 2022 09:28:33 PM


ഹെലികോപ്റ്റർ താഴ്ന്നു പറന്നു: ഭയന്നുവിറച്ച് ഏറ്റുമാനൂര്‍ വള്ളിക്കാട് നിവാസികള്‍



ഏറ്റുമാനൂർ: വള്ളിക്കാട് കുരിശുമല ഭാഗത്തു ഹെലികോപ്റ്റർ താഴ്ന്നു പറന്നത് വന്‍ നാശനഷ്ടങ്ങള്‍ക്കിടയാക്കി. ഒട്ടേറെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ ഇളകിതെറിച്ചു. ശക്തമായ കാറ്റും പൊടിപടലങ്ങളും നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കന്നുകാലികള്‍ ഭയന്നുവിറച്ചോടി. വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ മിനുറ്റുകളോളം പറന്നു നിന്നതും നാട്ടുകാരുടെയിടയില്‍ ഭീതിയുളവാക്കി. പലരുടെയും മനസില്‍ അടുത്തിടെയുണ്ടായ ഹോലികോപ്റ്റര്‍ ദുരന്തമാണ് ഓടിയെത്തിയത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂര്‍ നഗരസഭ രണ്ടാം വാര്‍ഡിലാണ് കുരിശുമല ഭാഗം. തൊട്ടപ്പുറത്ത് കാണക്കാരി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയാണ്. നേവിയുടെ ഹെലികോപ്റ്റർ ആണെന്നാണ് സംശയിക്കുന്നത്. ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നതിന്‍റെ ഉദ്ദേശം ഇതുവരെ മനസിലായിട്ടില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പറഞ്ഞു. എന്നാൽ ഇങ്ങനൊരു വിവരം അറിഞ്ഞില്ലെന്നാണ് ഏറ്റുമാനൂർ പോലീസ് പറഞ്ഞത്.

പ്രദേശത്ത് വാഹനങ്ങളുടെ പെയിന്‍റിംഗ് നടത്തുന്ന വർക്ക് ഷോപ്പിന്‍റെ മുകളിലെ പടുതകള്‍ കാറ്റില്‍ പറന്നുകീറി. കാൻസർ ചികിത്സയിൽ കഴിയുന്ന കട്ടിപ്പറമ്പിൽ കുഞ്ഞുമോന്‍റെ (81)യാണ് വര്‍ക്ക് ഷോപ്പ്. കുഞ്ഞുമോന് എന്താണ് സംഭവിക്കുന്നത് എന്ന് ആദ്യം മനസിലായില്ല. വീടിനോടു ചേർന്നുള്ള വർക്ക് ഷോപ്പിൽ സംഭവസമയത്തുണ്ടായിരുന്നവർ ഇറങ്ങിയോടി. വർക്ക് ഷോപ്പിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം പോറ്റുന്ന കുഞ്ഞുമോന്‍ തനിക്കുണ്ടായ നാശനഷ്ടത്തില്‍  എന്തുചെയ്യണം എന്നറിയാതെ കുഴയുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K