03 January, 2022 05:08:28 PM


കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്കു മാതൃക - ഉപരാഷ്ട്രപതി



കോട്ടയം: വിദ്യാഭ്യാസം, സാമൂഹികനീതി, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ (ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച്
മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 
ചാവറയച്ചന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഊർജം ഉൾക്കാണ്ടുള്ള  വിപ്ലവകരമായ ഈ മാതൃക പിന്തുടർന്ന് എല്ലാ സംസ്ഥാനങ്ങൾക്കും പുരോഗതിയും വികസനവും കൈവരിക്കാനാകും. മതസൗഹാർദവും സഹിഷ്ണുതയും എന്നും നിലനിർത്തുന്നതിൽ ചാവറയച്ചന്റെ സംഭാവനകൾ ഏറെ വിലപ്പെട്ടതാണ്.

ലാളിത്യവും ദയയും കൈമുതലായ ചാവറയച്ചൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. ജീവിച്ചിരിക്കുമ്പോൾത്തന്നെ ജനങ്ങൾ വിശുദ്ധനായി കണ്ടിരുന്ന    ഐതിഹാസിക ആത്മീയ- സാമൂഹിക നേതാവായിരുന്ന ചാവറയച്ചൻ എല്ലാ അർത്ഥത്തിലും യഥാർത്ഥ ദാർശനികനായിരുന്നു.

19-ാം നൂറ്റാണ്ടിലെ  കേരളത്തിന്റെ ആത്മീയ- വിദ്യാഭ്യാസ- സാമൂഹിക-സാംസ്‌കാരിക പരിഷ്‌കർത്താവായിരുന്നു ചാവറയച്ചൻ.  സന്തോഷത്തോടെ ജീവിക്കാനും സമാധാനത്തോടെ  മരിക്കാനുമുള്ള ഏതൊരാളുടെയും അവകാശം, വാർധക്യമോ അനാരോഗ്യമോ ദാരിദ്ര്യമോ മൂലം നഷ്ടപ്പെടരുതെന്ന് അദ്ദേഹം വിശ്വസിച്ചു. സമൂഹത്തിലെ പാവപ്പെട്ട സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം വികസനത്തിലേക്കുള്ള പാതയിൽ അത്യന്താപേക്ഷിതമാണ്. സാമൂഹിക മുന്നേറ്റത്തിനായി വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നൽകിയത്. എല്ലാ സമുദായങ്ങളിലും ഉള്ളവർക്ക് പ്രവേശനം ലഭിക്കുന്ന പള്ളിക്കൂടങ്ങൾ ആരാധനാലയങ്ങളോടനുബന്ധിച്ച് ആരംഭിക്കുകയെന്ന ആശയം മുന്നോട്ടുവച്ച അദ്ദേഹത്തിന് ആധ്യാത്മികത എന്നത് ശാസ്ത്രവും സാങ്കേതികവിദ്യയുമായി യോജിച്ചു സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന  ഒന്നായിരുന്നു. അദ്ദേഹത്തിന്റെ  ഉടമസ്ഥതയിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സർക്കാരിതര അച്ചടിശാലയായ സെന്റ്  ജോസഫ്‌സ് പ്രസ് ഇതിന്റെ മികച്ച ഉദാഹരണമാണ്.

സാധാരണക്കാരിലേക്ക് അറിവുകൾ വ്യാപകമായി എത്തിക്കുന്നതിൽ അച്ചടിയന്ത്രം വലിയ പങ്കു വഹിച്ചു. അതിലൂടെ സ്വാശ്രയത്വത്തിൽ അഭിമാനം കൊള്ളണമെന്നും തദ്ദേശീയമായവയുടെ ശബ്ദമാകണമെന്നും അദ്ദേഹം  ജനങ്ങളെ  ഉദ്‌ബോധിപ്പിച്ചു. ജനങ്ങളെ ഊർജസ്വലരാക്കാനുള്ള ശക്തമായ ഒരുപാധിയായി അദ്ദേഹം സാഹിത്യത്തെ കണ്ടു. സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിലൂടെ നിരവധി സ്വയംതൊഴിൽ പരിശീലനസ്ഥാപനങ്ങളും മഠങ്ങളുമാണു സ്ഥാപിക്കപ്പെട്ടത്.   സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ  സൃഷ്ടിക്കപ്പെട്ടതിലൂടെ തുടർനാളുകളിൽ വിപ്ലവകരമായ മാറ്റത്തിനുള്ള പാത തുറക്കുകയായിരുന്നു.

ഏതൊരാൾക്കും തങ്ങളുടെ ജാതി, നിറം, ലിംഗം എന്നിവയ്ക്കതീതമായി അന്തസുള്ള ജീവിതം നയിക്കാനുള്ള  അവകാശമുണ്ടന്ന് അദ്ദേഹം വിശ്വസിച്ചു. നവോത്ഥാനത്തിന്റെ ഉണർവിനെ ജീവകാരുണ്യ പ്രവർത്തനവുമായും സർവലോകസാഹോദര്യം എന്ന ക്രിസ്ത്യൻ മൂല്യവുമായും സമന്വയിപ്പിച്ചയാളാണ് ചാവറയച്ചനെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ പ്രസംഗിച്ചു. ഫാ. തോമസ് ചാത്തംപറമ്പിൽ സ്വാഗതവും സിസ്റ്റർ ഗ്രേസ് തെരേസ് നന്ദിയും പറഞ്ഞു. രാജ്യസഭാംഗം ജോസ് കെ. മാണി, എം.എൽ.എ.മാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ  കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി  തുടങ്ങിയവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K