02 January, 2022 12:35:13 PM


ബിജെപി നേതാവ് രൺജീത്ത് വധക്കേസിൽ നാല് പേര്‍ കൂടി അറസ്റ്റില്‍



ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് വധക്കേസിൽ ഇന്നലെ നാല് അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ, ഗൂഢാലോചനയിൽ പങ്കെടുത്ത  വലിയമരം സ്വദേശി സൈഫുദ്ദീൻ, പ്രതികൾക്ക് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ  എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതികളുമായി തെളിവെടുപ്പ് തുടരുകയാണ്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

ഡിസംബര്‍ 19 ന് 12 മണിക്കൂറിന്‍റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 19 ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രണ്‍ജീത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K