27 December, 2021 07:47:10 PM


ഷാൻ വധം; പ്രതികൾക്ക് ഒളിത്താവളമൊരുക്കിയ ആർഎസ്എസ് നേതാവ് അറസ്റ്റിൽ



ആലപ്പുഴ: ഷാൻ വധക്കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകനാണ് ഇയാൾ (ആർഎസ്എസിന് ജില്ലാ തരം തിരിവ് പ്രത്യകം ആണ്). എസ്‍ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കന്മാർക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. 


എസ്‍ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആർഎസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ചേർത്തലയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിൻ്റെ കൊലയ്ക്ക് പിന്നാലെയാണ് ആസൂത്രണം തുടങ്ങിയത്.


ആർഎസ്എസ് കാര്യാലയത്തിൽ വെച്ച് രഹസ്യ യോഗങ്ങൾ ചേർന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാൻ സഹായിച്ചത് ആർഎസ്എസ് നേതാക്കൾ ആണെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. കൊലയാളി സംഘത്തിന്, ഷാനെ കാട്ടിക്കൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇനി ഗൂഢാലോചനയിൽ ഉൾപ്പെട്ടവർ കൂടി പിടിയിലാകാനുണ്ട്.


ഷാൻ കേസിൽ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായപ്പോൾ ബിജെപി നേതാവ് രൺജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം ഇരുട്ടിൽ തപ്പുകയാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ്‍ഡിപിഐ പ്രവർത്തകനെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നാണ് സൂചന. ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ സംഘം. ഇതര സംസ്ഥാനങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K