23 December, 2021 02:43:40 PM


കര്‍ണാടക ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം



ബംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.


ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചേ മുപ്പതോടെ ചില്ലുകള്‍ തകരുന്ന ഒച്ച പള്ളിവികാരിയാണ് കേട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ആരാണ് ആക്രമണത്തിന് പിന്നിലെന്നതില്‍ പൊലീസിന് സൂചന ലഭിച്ചിട്ടില്ല. പ്രതിപക്ഷ ബഹളത്തിനിടെ, മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് രണ്ടുദിവസം മുമ്പാണ് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസ് ജെ‍ഡിഎസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാല്‍ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും പിന്‍മാറാത്തത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍.  മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധത്തിനാണ് തീരുമാനം. നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന മുഖ്യമന്ത്രിയെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമായിരുന്നു. ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K