19 December, 2021 10:10:58 AM


24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍; ആലപ്പുഴയില്‍ രണ്ട് ദിവസം നിരോധനാജ്ഞ



ആലപ്പുഴ: ആലപ്പുഴയെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. എസ്ഡിപിഐസംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസം പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നിൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഇന്ന് രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. ഇദ്ദേഹം ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്.

ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K