14 December, 2021 10:38:03 PM


ചന്ദ്രിക സാമ്പത്തിക ക്രമക്കേട്: ഫിനാൻസ് ഡയറക്ടർ അബ്ദുൾ സമീർ അറസ്റ്റിൽ



കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ഫിനാൻസ് ഡയറക്ടറെ അറസ്റ്റ് ചെയ്തു. പിഎ അബ്ദുൾ സമീറിനെയാണ് കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാരുടെ പിഎഫ് തുക പിഎഫ് അക്കൗണ്ടിൽ അടച്ചില്ലെന്ന പരാതിയിലാണ് അറസ്റ്റ്.  പിഎഫ്, ലൈഫ് ഇൻഷുറൻസ് എന്നിവയിലേക്കായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച 2.20 കോടി രൂപ കണക്കിലില്ലെന്നും ഇത് ഫിനാൻസ് ഡയറക്ടർ മുക്കിയെന്നുമാണ് പരാതി.


ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാർ തന്നെയാണ് പരാതിക്കാർ. ജീവനക്കാർ 2017 സപ്തംബർ മുതൽ വിഹിതം നൽകുന്നുണ്ടെങ്കിലും ഇത് പിഎഫിൽ നിക്ഷേപിക്കുന്നില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കമ്പനിയുടെ വിഹിതവും അടച്ചിരുന്നില്ല. പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാർ കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നിൽ ദീർഘനാളായി സമരത്തിലായിരുന്നു. ഇന്ന് നടക്കാവ് സ്റ്റേഷനിൽ ഹാജരായ സമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K