14 December, 2021 03:26:48 PM


എടിഎം കാ‍ർഡിലുടെ പണം തട്ടി; പൊലീസുകാരന്‍റെ തൊപ്പി തെറിച്ചു



കണ്ണൂ‍ർ: കണ്ണൂരിൽ മോഷ്ടാവിന്‍റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ പൊലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. തളിപ്പറമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർ  ഇ.എൻ.ശ്രീകാന്തിനെയാണ് സർവീസിൽ നിന്ന് പിരിച്ച് വിട്ടത്. കണ്ണൂർ റൂറൽ  എസ്.പി  നവനീത് ശർമയുടേതാണ് ഉത്തരവ്. 2021 ഏപ്രിലിലാണ് തളിപ്പറമ്പ് പൂളപ്പറമ്പ് സ്വദേശി രാജേശ്വരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസ് ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തിയത്.


അരലക്ഷം രൂപ തട്ടിയെടുത്ത ശ്രീകാന്തിനെ നേരത്തെ അന്വേഷണ വിധേമായി സസ്പെൻഡ് ചെയ്തിരുന്നു.ചൊക്ലി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ കഴിഞ്ഞ മാർച്ചിൽ തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യാഗസ്ഥനായിരുന്നു ശ്രീകാന്ത് ഈ സമയത്ത് ഇയാൾ സഹോദരിയിൽ നിന്നും എടിഎം കൈക്കലാക്കി.  


തുടർന്ന്  അന്വേഷണത്തിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് സഹോദരിയുടെ മൊബൈൽഫോണിൽ നിന്ന് പിൻനമ്പറും മനസ്സിലാക്കിയെടുത്തു  മോഷ്ടാവായ ഗോകുൽ തട്ടിയെടുത്ത പണമെല്ലാം സഹോദരിയുടെ എടിഎമ്മിലേക്ക് മാറ്റിയിരുന്നു. മോഷണക്കേസിൽ ഗോകുൽ റിമാൻഡിലായതിന് ശേഷവും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതായി മെസേജുകൾ വന്നതോടെ സഹോദരി തളിപ്പറമ്പ് സിഐക്ക് പരാതി നൽകി.


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ആയ ഇഎൻ ശ്രീകാന്താണ് പണം തട്ടിയെടുത്തത് എന്ന് മനസിലായത്. ഇയാൾ തളിപ്പറമ്പിലെ പല എടിഎം കൗണ്ടറുകളിൽ നിന്ന് പണം എടുക്കുന്നതിന്‍റെയും ഈ കാർഡ് ഉപയോഗിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. തുടർന്ന് കണ്ണൂർ റൂറൽ എസ്പി നവനീത് ശർമ്മ നേരിട്ട് തളിപ്പറമ്പ് സ്റ്റേഷനിലെത്തി  ശ്രീകാന്തിനെ ചോദ്യം ചെയ്തു. 


ശ്രീകാന്ത് പണം തട്ടിയെന്ന് പ്രാധമീക അന്വേഷണത്തിൽ മനസിലായതോടെ സസ്പെൻഡ്  ചെയ്ത് വിശദമായ അന്വേഷണം നടത്താൻ തളിപ്പറമ്പ് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. മോഷണത്തിന് സിപിഒ ശ്രീകാന്തിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് സേനയ്ക്ക് നാണക്കേട് ആയതോടെ ഡിജിപി നേരിട്ട് എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശ്രീകാന്തിന്‍റെ പ്രവൃത്തി പൊതുജനങ്ങൾക്ക്  പൊലീസിന് അവമതിപ്പും പൊലീസിന്‍റെ സൽപ്പേരിന് കളങ്കവും സ‍ൃഷ്ടിച്ചെന്നും പുറത്താക്കി കൊണ്ടുള്ള ഉത്തരവിൽ എസ്.പി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K