13 December, 2021 11:20:10 AM


'പാര്‍ട്ടിക്കാര്‍ക്കായി പ്രധാന തസ്തികകള്‍ മാറ്റി വെച്ചിരിക്കുന്നു' - വി ഡി സതീശന്‍തിരുവനന്തപുരം: ചട്ടങ്ങളും കീഴ്ഴ വഴക്കങ്ങളും ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ മറികടന്നുമുള്ള വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണം. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടികാട്ടിയതാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഗവര്‍ണറുടെ നടപടിയും നിയമ വിരുദ്ധമാണ്. ഗവര്‍ണര്‍ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതില്‍ സന്തോഷമുണ്ട്.


കാലടി വിസി നിയമനത്തിന് പാനലിന് പകരം ഒറ്റപേര് നല്‍കിയ സെര്‍ച്ച് കമ്മിറ്റി നടപടി പൂര്‍ണമായും തെറ്റാണ്. ഒറ്റ പേര് മതിയെന്ന് ഗവര്‍ണര്‍ സമ്മതിച്ചുവെങ്കില്‍ അതിനും ന്യായീകരണമില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഡൽഹിയിൽ പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാലകളുടെ സ്വയംഭരണാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതും പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.


പ്രധാന തസ്തികകള്‍ പാര്‍ട്ടിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം നിയമ നടപടികള്‍ സ്വീകരിക്കും. ഇവിടെ ഒന്നും നടക്കരുതെന്ന് വിചാരിക്കുന്നവരെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ആരെ കുറിച്ചാണെന്ന് വ്യക്തമല്ല. ഒരു വിമര്‍ശനം പോലും മുഖ്യമന്ത്രി സഹിക്കില്ല. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നരേന്ദ്ര മോദിയുടെ മാതൃകയാണ് പിണറായി വിജയനും പിന്തുടരുന്നത്. ഇത് ഏകാധിപധികളുടെ പൊതുസ്വഭാവമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


അതേസമയം, ചാൻസലർ സ്ഥാനത്ത് നിന്നൊഴിയാമെന്ന് കത്ത് നൽകി ഗവ‍ർണർ തുടങ്ങിവച്ച പരസ്യ പോരാട്ടത്തിന് മുഖ്യമന്ത്രി പരസ്യമായി തന്നെ മറുപടിയുമായി രംഗത്തെത്തിയതോടെ ഭരണത്തലവൻമാർ നേർക്കുനേർ എത്തിയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഗവ‍ർണർ എടുത്ത തീരുമാനങ്ങൾ തള്ളിപ്പറയുന്നതിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന ഗുരുതര ആക്ഷേപം ഉന്നയിച്ച് മുഖ്യമന്ത്രി ഇന്നലെ ഉച്ചയ്ക്ക് ശേഷം രംഗത്തെത്തിയതോടെ പോര് അസാധാരണ നിലയിലേക്കാണു കടന്നത്.


ബാഹ്യ ഇടപെടൽ സംശയത്തിലൂടെ മുഖ്യമന്ത്രി പിണറായി ചോദ്യം ചെയ്യുന്നത് ഗവർണ്ണറുടെ വിശ്വാസ്യത തന്നെയാണ്. ബാഹ്യ ഇടപെടൽ ആരോപണം മറുപടി പറയാതെ തള്ളിയ ഗവർണ്ണർ ആരിഫ് ഖാൻ സർക്കാരിനെതിരായ വിമർശനങ്ങളുടെ മൂർച്ച കൂട്ടി പിന്നാലെ രംഗത്തെത്തി. സർക്കാരിന്‍റെ തലവനും ഭരണത്തലവനും തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്ന അസാധാരണ സാഹചര്യത്തിന് എങ്ങനെ അവസാനമാകും എന്ന ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിലുയരുന്നത്.


ഉന്നതവിദ്യഭ്യാസ രംഗത്തെ അമിതരാഷ്ട്രീയവല്‍ക്കരണത്തിനെതിരെ ഗവര്‍ണര്‍ പരസ്യമായി പൊട്ടിത്തെറിച്ചത് സര്‍ക്കാരിനും മുന്നണിക്കും കനത്ത തിരിച്ചടിയായതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ക്കെതിരെ കാലങ്ങളായുള്ള പരാതിയും ഉന്നതവിദ്യാഭ്യാസമേഖലയിലെ മൂല്യച്ച്യുതിയുമെല്ലാം ഇതോടെ വീണ്ടും സജീവചര്‍ച്ചയാകുകയാണ്. ചാന്‍സിലര്‍ പദവിയിലുള്ള ഗവര്‍ണര്‍ക്ക് തന്നെ മനസ് മടുത്തെങ്കില്‍ സാധാരണക്കാരന് നീതിയെവിടെയെന്ന ചോദ്യവും പ്രസക്തമാക്കുന്നതാണ് പുതിയ വിവാദം.


സര്‍വകലാശാലകളിലെ അമിത രാഷ്ട്രീയം, വിസിമാരടക്കം ഉന്നതസ്ഥാനങ്ങളിലെ ഇഷ്ടനിയമനം, രാഷ്ട്രീയനേതാക്കളുടെയും ഉന്നതസ്വാധീനമുള്ളവരുടെയും ബന്ധുക്കളെ നിയമിക്കല്‍, കച്ചവടതാല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങി ഒരു കാലത്തും പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ നമ്മുടെ സര്‍വകലാശാലകളില്‍ തുടങ്ങിയിട്ട് കാലമേറെയായി. ലോകമാകെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ മുന്നേറുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളില്ലെന്നത് കേരളത്തിന്‍റെ പോരായ്മയായിരുന്നു. ജാതിയടിസ്ഥാനത്തിലും രാഷ്ട്രീയാടിസ്ഥാനത്തിലും വിസിമാരെ നിയമിക്കുന്നുവെന്ന് യുഡിഎഫ് ഭരണകാലത്ത് ആരോപണമുന്നയിച്ച സിപിഎം അധികാരത്തില്‍ തുടരുമ്പോഴാണ് പറയാവുന്നതിന്‍റെ പരമാവധി പറഞ്ഞ് തനിക്ക് മടുത്തുവെന്ന് ഒരു ഭരണത്തലവന്‍ തുറന്നടിക്കുന്നത്.


പൗരത്വപ്രതിഷേധത്തിന്‍റെ കാലത്ത് സര്‍ക്കാരിനെതിരെ  പരസ്യനിലപാട് സ്വീകരിച്ച ഗവര്‍ണര്‍ പിന്നീട് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും  നല്ല ബന്ധത്തിലായിരുന്നു. ജന്മദിന പരിപാടികള്‍ക്ക് വരെ ക്ലിഫ്ഹൗസിലെത്തിയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് സര്‍ക്കാരിനെതിരെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പരസ്യ പോരിലേക്കാണ് വിവാദം എത്തി നിൽക്കുന്നത്. Share this News Now:
  • Google+
Like(s): 2.6K