12 December, 2021 05:22:48 PM


നിഷേധ ചിന്തക്കാർക്ക് ഉത്തേജനം നൽകുന്നതാണ് ഗവര്‍ണറുടെ പരസ്യ പ്രസ്താവന - മുഖ്യമന്ത്രി



കണ്ണൂര്‍: സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലെന്ന ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമർശനത്തിന് വാർത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാൻസലര്‍ പദവിയിൽ ഗവര്‍ണര്‍ തുടരണമെന്നും പദവി ഉപേക്ഷിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.


സ്ഥാനത്തിരുന്ന് സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നൽകണമെന്നാണ് അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങൾ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുമായി ചര്‍ച്ച ചെയ്താലേ അറിയൂ. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്‍റ് പരാമര്‍ശം ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമല്ല. രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്‍റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.


ഉന്നതവിദ്യാഭ്യാസ മേഖലകളെ കുറിച്ച് ഒട്ടേറ ചർച്ചകൾ ഉയർന്ന് വരുകയാണ്. എൽഡിഎഫ് പ്രകടന പത്രികയിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നത് എടുത്ത് പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ അലകും പിടിയും മാറണമെന്നാണ് പ്രകടന പത്രികയിലെ നിര്‍ദ്ദേശം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്ന അഭിപ്രായം സര്‍ക്കാരിനില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാൻ കൂടുതൽ ശാക്തീകരിക്കണം നടത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഉന്നത വിദ്യാഭ്യാസ രംഗം മികവിന്റെ കേന്ദ്രമാക്കണമെന്ന പൂർണ ബോധം സർക്കാരിനുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടോയേക്കാം. അത് ചർച്ച ചെയ്ത പരിഹരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമണ്ഡലത്തിലും മാധ്യമത്തിലും ചില പ്രതികരണങ്ങൾ വന്നു കാണുന്നു. ഗവർണർ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതരത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


ഡിസംബർ 8 ന് ഗവർണർ കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്കണ്ഠ ഗൗരവത്തോടെ ഉൾക്കൊണ്ടുവെന്നും ഗവർണറുടെ ആശങ്ക സർക്കാർ അവഗണിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ ദിവസം തന്നെ സർക്കാരിന്റെ കാഴ്ചപ്പാട് ഗവർണറെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാരിലെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയും ഗവർണറെ നേരിട്ട് കണ്ടാണ് മറുപടി നൽകിയത്. താൻ ഫോണിൽ ഗവർണറുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ദിവസങ്ങളിൽ കണ്ണൂരിലായത് കൊണ്ടാണ് നേരിൽ കാണാന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.


മികവാർന്ന അക്കാദമിക് വിദഗ്ധരെയാണ് സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 24 മണിക്കൂർ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കാത്തവരെ പോലും തലപ്പത്ത് നിയമിച്ചവരാണ് ഇപ്പോൾ വിമർശനം ഉന്നയിക്കുന്നത്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കേരളത്തിലെ ഒരു സർവകലാശാല വിസി യോഗ്യനല്ല എന്ന് കണ്ട് ഷീല ദീക്ഷിത് മാറ്റിയ അനുഭവം ഉണ്ടായിട്ടുണ്ട്. അതൊക്കെ മറന്നിട്ടാണ് ഇപ്പോഴത്തെ നിയമനത്തെ വിമർശിക്കുന്നത്. വിസിയെ നിയമിക്കുന്നത് യുജിസി മാനദണ്ഡ പ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിച്ചാണ്. നിയമനങ്ങളിൽ ചാൻസിലറായ ഗവർണർക്ക് അഭിപ്രായം പറയാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


നിഷേധ ചിന്തക്കാർക്ക് ഉത്തേജനം നൽകുന്നതരത്തിലുള്ള പരസ്യ പ്രസ്താവന ഗവർണർ നടത്തുന്നത് ദുഃഖകരമായ കാര്യമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. കേരളം ഒട്ടും മുന്നോട്ട് പോകാൻ പാടില്ല എന്ന നിലപാടുള്ളവർക്ക് ഊർജം പകരുന്ന നിലപാട് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതായിരുന്നു. ഗവർണറുടെ മനഃസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സർക്കാർ നിലപാട് ഗവർണറെ അറിയിക്കുമെന്നും ഗവർണർക്ക് ഉചിതമായ തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


വിമർശനം ഉയരുമെന്ന് ഭയന്ന് ഗവർണർ ഉചിതമായ തീരുമാനം എടുക്കാതിരിക്കുന്നതില്‍ സർക്കാർ ഉത്തരവാദിയല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. റസിഡൻ്റ് എന്ന പദം ഇഷ്ടപ്പെടുന്നില്ല എന്ന് മാധ്യമങ്ങളിൽ കണ്ടു ഗവർണറെ ബഹുമാനിക്കാത്ത ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. വാക്കിലോ നോക്കിലോ ഗവർണറെ ബുദ്ധിമുട്ടിക്കണം എന്ന ആഗ്രഹം സർക്കാരിനില്ല. പൗരത്വ വിഷയത്തിൽ നിയമ സഭ പ്രമേയത്തെ പരസ്യമായി ചോദ്യം ചെയ്തപ്പോഴാണ് ഗവർണറെ റെസിഡൻ്റ് പരാമശത്തിലൂടെ ഓർമ്മിപ്പിച്ചത്. റസിഡന്റ് എന്ന പ്രയോഗം ഗവർണർ ഉന്നയിച്ച രാഷ്ട്രീയ വിമർശനത്തിനുള്ള രാഷ്ട്രീയ മറുപടിയാണെന്നും മഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഗവർണറുമായി വ്യക്തിപരമായും തനിക്ക് ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസിലറെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കും. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനം ഞങ്ങൾ മോഹിക്കുന്നില്ല. ഗവർണർ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗവർണർ ഇന്നലെ പൊട്ടിമുളച്ച ആളല്ല. കാര്യങ്ങൾ എങ്ങനെ നടത്തണമെന്ന് ഗവർണർക്ക് അറിയാം. വിഷയത്തില്‍ സർക്കാരിന് തുറന്ന സമീപനമാണ് ഉള്ളതെന്നും ഗവർണർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K