11 December, 2021 03:04:26 PM


പരാതി പറയാൻ വിളിച്ചപ്പോൾ അസി.കമ്മീഷണർ മോശമായി പെരുമാറി - മുൻ ഡിജിപി ശ്രീലേഖ



തിരുവനന്തപുരം: മോശം പെരുമാറ്റത്തിൻ്റേയും പ്രവർത്തനങ്ങളുടേയും പേരിൽ നിരന്തരം വിമർശനം നേരിടുന്ന കേരള പൊലീസിനെതിരെ മുൻ ഡിജിപി ആർ.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടപ്പോൾ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം എസിപി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഒരു മുൻ ഡിജിപിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു. 

ഫേസ്ബുക്ക് ഫ്രണ്ട്സിന് മാത്രം വായിക്കാവുന്ന രീതിയിലാണ് ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. 

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് - 

"എന്തുകൊണ്ടാണ് പോലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറിൽ നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവളെൻ്റെ സഹായം തേടിയത്. പല സ്ത്രീകളേയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവൾ.   

ഭയാനകമായ പീഡനങ്ങളാണ് അവൾ നേരിട്ടത്.  വലിയതുറ പോലീസ് സ്റ്റേഷൻ, വനിതാ സെൽ മറ്റു ചില പോലീസ് ഓഫീസുകൾ. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭർത്താവിൻ്റെ വീടൊഴിയാനാണ് പൊലീസുകാ‍ർ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോൾ അയാൾ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തിൽ ഞാൻ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാൾ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ പോലെയുള്ള ഉദ്യോ​ഗസ്ഥരെ വിളിക്കരുതെന്നും എ.സി.പി എന്നോട് ആവശ്യപ്പെട്ടു.  

എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച് പരാതിപ്പെടാൻ ഞാൻ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം എൻ്റെ കോൾ എടുത്തില്ല. കാര്യങ്ങൾ വിശദീകരിച്ച് അദ്ദേഹത്തിന് ഞാനൊരു എസ്.എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം.... പാവം ലിജി... ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവൾക്കുള്ള ഏകവഴി എന്നാണ് എൻ്റെ ആശങ്ക."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K