05 December, 2021 11:56:36 PM


വാഴയിലയിൽ പൊതിഞ്ഞ 'കുഞ്ഞിമാളു' ആട്ടിൻകുഞ്ഞുങ്ങളെ സാക്ഷിയാക്കി പ്രകാശിതമായി



കോലഞ്ചേരി: തമ്മാനിമറ്റം പുളിന്താനത്തു പുത്തൻപുരയിലെ ആട്ടിൻകുഞ്ഞുങ്ങളെ  സാക്ഷിയാക്കി ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ നാൽപ്പത്തിയഞ്ചാമത്തെ പുസ്തകം അമ്മുവിന്റെ കുഞ്ഞിമാളു പ്രകാശനം ചെയ്തു. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് വാഴയിലയിൽ പൊതിഞ്ഞു കെട്ടിയ പുസ്തകം അധ്യാപക ദമ്പതികളായ പി കെ പ്രഭാകരൻ കർത്താ , പി കെ ശാന്താദേവി എന്നിവർ ചേർന്ന്, കറുകപ്പിള്ളി ജി യു പി സ്കൂൾ ഹെഡ്മാസ്റ്റർ സി വി മധുസൂദനന് നൽകി പ്രകാശനം ചെയ്തു.

പൂതൃക്ക ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു ജയൻ അധ്യക്ഷയായി. രാമമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, അധ്യാപകരായ അനൂപ് ജോൺ, സിനി സി ഫിലിപ്പ്, ക്ഷീര  ക്ലബ്ബ് ഭാരവാഹികളായ വസുദേവ് പ്രസാദ്, ഗണേഷ് ഡി മണി എന്നിവർ പങ്കെടുത്തു. ബാലസാഹിത്യ രചനകളിലൂടെ പ്രകൃതിയോടും മൃഗങ്ങളോടും സഹജീവികളോടുമുള്ള സ്നേഹം വളർത്താനാണ് താൻ ശ്രമിക്കുന്നതെന്ന് ഹരീഷ് ആർ നമ്പൂതിരിപ്പാട് അറിയിച്ചു.

ആന കുപ്പായം എന്ന പുസ്തകം ഗജവീരൻ ഗുരുവായൂർ പത്മനാഭനെ ക്കൊണ്ടും,തക്കാളി കല്യാണം എന്ന പുസ്തകം പച്ചക്കറി ചന്തയിലും പ്രകാശനം ചെയ്തതിന്റെ തുടർച്ചയായാണ് ആട്ടിൻ കുഞ്ഞിനോടുള്ള അമ്മുവിന്റെ സ്നേഹം വെളിപ്പെടുത്തുന്ന പുസ്തകം ആട്ടിൻ കൂടിന് സമീപത്ത് പ്രകാശനം ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K