30 November, 2021 12:58:01 PM
തൃശ്ശൂരിൽ നാല് പേർക്ക് കൂടി നോറോ വൈറസ് ബാധ; രോഗികളുടെ എണ്ണം 60 ആയി

തൃശ്ശൂർ: ജില്ലയിൽ നാല് പേർക്ക് കൂടി നോറോ വൈറസ്  സ്ഥിരീകരിച്ചു. സെന്‍റ് മേരീസ് കോളേജിലെ  വിദ്യാർത്ഥിനികൾക്കാണ് രോഗം ബാധിച്ചത്. ഇതോടെ നോറോ സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. സെന്‍റ് മേരീസ് കോളേജിലെ 52 ഓളം വിദ്യാർത്ഥികൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് കോളേജ് ഹോസ്റ്റലും പ്രദേശത്തെ കിണറുകളും അണുവിമുക്തമാക്കിയിരുന്നു.
കോളേജിലെ വിദ്യാർത്ഥികളുടെ കൂടുതല്‍ സാമ്പിളുകള്‍ ആലപ്പുഴയിലെ വൈറേളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് നോറോ വൈറസ്. തണുപ്പ് കാലങ്ങളിലാണ് നോറോ വൈറസ് ബാധ കണ്ടുവരുന്നത്. വയറിളക്കം, കടുത്ത ഛര്‍ദി, വയറുവേദന, പനി, തലവേദന, ശരീര വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. വൈറസ് വ്യാപനം കൂടുതലാണെങ്കിലും മരണകാരണമല്ല. രോഗം ബാധിച്ചവർക്ക് സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അസുഖം ഭേദമാകും.
വൃത്തിയില്ലാതെ പാകം ചെയ്ത ഭക്ഷണം, മലിന ജല ഉപയോഗം, രോഗം ബാധിച്ചവരുമായുള്ള ഇടപഴകൽ, തുടങ്ങിയ മാർഗങ്ങളിലൂടെയാണ് നോറോ വൈറസ് പകരുന്നത്. വൈറസ് ബാധിച്ച് രണ്ടു ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. രോഗബാധയുണ്ടെന്ന് കണ്ടെത്തിയാൽ രോഗിയെ ഐസൊലേറ്റ് ചെയ്യണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
കൈകൾ വൃത്തിയാക്കുക
> തിളപ്പിച്ചതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രം കുടിയ്ക്കാൻ ഉപയോഗിക്കുക
> കിണർ, വാട്ടർ ടാങ്ക് എന്നിവ ക്ലോറിനേറ്റ് ചെയ്യുക
> രോഗമുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്
> രോഗം കണ്ടെത്തിയാൽ ധാരാളം വെള്ളം കുടിക്കുക
> ഡോക്ടറുടെ നിർദേശപ്രകാരം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക
> തണുത്തതോ തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാര സാധനങ്ങൾ ഒഴിവാക്കുക
                     
                                 
                                        



