27 November, 2021 06:56:05 PM


കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും - മന്ത്രി രാധാകൃഷ്ണന്‍പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗ ബാധിതര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കിയാല്‍ മാത്രമേ അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ കഴിയുവെന്നും പട്ടികജാതി-പട്ടികവര്‍ഗ - ദേവസ്വം- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശിശു മരണം, സിക്കിള്‍ സെല്‍ അനീമിയ എന്നീ രോഗങ്ങളുടെ പശ്ചാത്തലത്തില്‍ അഗളി കിലയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കുട്ടികളുടെ ഐ.സി.യു. ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കുറവുള്ള പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും നഴ്‌സുമാരുടെയും ഒഴിവുകള്‍ നികത്തും. ഇതിനുള്ള ചെലവ് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഹിക്കും. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയെ 100 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തും. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ രണ്ടുവര്‍ഷത്തിനകം തീര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


സിക്കിള്‍സെല്‍ അനീമിയ രോഗത്തിനെതിരെ വ്യാപകമായ ബോധവത്കരണം നടത്തണം. സിക്കിള്‍ സെല്‍ അനീമിയ രോഗത്തിന് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്ക്കരണത്തിലൂടെ മാത്രമെ പ്രതിരോധിക്കാന്‍ കഴിയൂ. കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക് അടിയന്തരമായി ചികിത്സ ഉറപ്പാക്കണം. ഒരു കുട്ടിക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം അട്ടപ്പാടിയില്‍ ഉണ്ടാവരുത്. അട്ടപ്പാടിയുടെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കൂടാതെ, അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കും. ഇവര്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരും. അട്ടപ്പാടി നേരിടുന്ന പ്രശ്‌നങ്ങളുടെ സാഹചര്യം കണക്കിലെടുത്ത് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുക്കാന്‍ സമിതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.


അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക വിദഗ്ധ സംഘത്തെ അട്ടപ്പാടിയിലേക്ക് അയക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയതായും മന്ത്രി അറിയിച്ചു.
ഓരോ ആദിവാസിയേയും സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് മൈക്രോ ലെവല്‍ പ്ലാനിങ്ങ് നടപ്പാക്കാണ് അട്ടപ്പാടിയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം സംവിധാനത്തില്‍ ഇടപെടല്‍ നടത്തുന്ന ഓരോ വകുപ്പുകളുടെയും ചുമതല കൂടി വ്യക്തമാക്കും. ഓരോ വകുപ്പും അട്ടപ്പാടിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.


സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വ്യാപിപ്പിക്കും. ആദിവാസി വിഭാഗത്തിലെ വീടുകളില്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് ആലോചന. സാമൂഹ്യ അടുക്കളകള്‍ക്ക് ഉപരി ആദിവാസി വിഭാഗത്തെ സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. ആദിവാസി ഊരുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ ഒരുസംഘം ഇടയ്ക്കിടെ പരിശോധന നടത്തും. കുടുംബശ്രീയും സപ്ലൈകോയും അടിയന്തരമായി ഓരോ കോടി രൂപ വീതം ഉടന്‍ അട്ടപ്പാടിക്ക് അനുവദിക്കും.


പഞ്ചായത്തുകള്‍ അവര്‍ക്ക് കീഴിലുള്ള ആദിവാസി ഊരുകളുടെ എണ്ണം, സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള കണക്കുകള്‍ ശേഖരിച്ച് അവര്‍ക്കുവേണ്ടി പദ്ധതികള്‍ ആവിഷ്‌കരിക്കണം. ആദിവാസി സമൂഹത്തിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവശ്യം വന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ആദിവാസികള്‍ എന്നാല്‍ എക്കാലവും സര്‍ക്കാര്‍ സഹായം നല്‍കേണ്ടവരാണ് എന്ന ധാരണ മാറ്റിയെടുത്ത് പകരം അവരെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.


ആദിവാസി വിഭാഗത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കൂടുതല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് വേണ്ടിയുള്ള ഇടപെടലുകള്‍ ത്രിതല പഞ്ചായത്തുകള്‍ നടത്തണം. കൂടാതെ, അംഗന്‍വാടികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം.
500 ഫോറസ്റ്റ് ഫീല്‍ഡ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുക എന്നാണ് ലക്ഷ്യം. എഞ്ചിനീയറിംഗ്, ഐടി, ഐടിസി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് താത്കാലികമായി തൊഴില്‍ നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. 200 പേര്‍ക്ക് എക്‌സൈസില്‍ ജോലി നല്‍കും.


മില്ലറ്റ് ധാന്യങ്ങളുടെ ലോകവ്യാപകമായ വിപണിസാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തും. ആദിവാസി കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തി അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളുമായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാനുള്ള തീരുമാനം വൈദ്യുതി വകുപ്പിനുണ്ട്. അട്ടപ്പാടി- മണ്ണാര്‍ക്കാട് റോഡിനുവേണ്ടി 92 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും റോഡില്‍ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ പെട്ടെന്ന് തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ് വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ ഫണ്ടില്‍ അനുവദിക്കുമെന്നും അറിയിച്ചു.


അട്ടപ്പാടിയില്‍ ശൗചാലയങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി ശുചിത്വ മിഷനുമായി ആലോചിച്ച് പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, വിവിധ ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ഐ.ടി.ഡി.പി ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K