27 November, 2021 06:35:10 PM


സ്വപ്നയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയ നടപടി; കേന്ദ്ര ഏജന്‍സികള്‍ സുപ്രീംകോടതിയില്‍



കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കേന്ദ്ര ഏജൻസികൾ സുപ്രീംകോടതിയെ സമീപിച്ചു. കസ്റ്റംസ് കമ്മീഷണർ, സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യുറോ ഡയറക്ടർ ജനറൽ, കോഫെപോസ ജോയിന്റ് സെക്രട്ടറി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷ് തുടർന്നും കള്ളക്കടത്തിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കരുതൽ തടങ്കലിലാക്കിയിരുന്നത്.

രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുത്തായിരുന്നു നടപടി. എന്നാൽ, സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു എന്ന് കേന്ദ്ര ഏജൻസികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തടങ്കൽ കാലാവധി കഴിയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഹൈക്കോടതി സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

മതിയായ കാരണങ്ങളില്ലാതെയാണ് കരുതൽ തടങ്കലെന്ന് നിരീക്ഷിച്ചുക്കൊണ്ടായിരുന്നു ഹൈക്കോടതി സ്വപ്നയുടെ മോചനത്തിന് ഉത്തരവിട്ടത്. ഒരു വ്യക്തിയെ കരുതൽ തടങ്കലിൽവെക്കണമെങ്കിൽ അയാൾ പുറത്തിറങ്ങിയാൽ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകൾ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഈ രേഖകൾ ഹാജരാക്കുന്നതിൽ വീഴ്ചയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സ്വപ്നയുടെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയത്.

എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്ന് സ്വപ്ന സുരേഷ്  ജയിൽ മോചിതയായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ മറ്റ് ആറ് പ്രതികളുടെ കരുതൽ തടങ്കലിൽ ഇടപെടാൻ കോടതികൾ വിസമ്മതിച്ചിരുന്നു. കെ.ടി. റമീസിന്‍റെ കരുതൽ തടങ്കലിന് എതിരേ സഹോദരൻ കെ.ടി. റൈഷാദ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. മറ്റ് പ്രതികൾക്കെതിരെയും സമാനമായ രേഖകളും തെളിവുകളുമാണ് ഉണ്ടായിരുന്നതെന്നും കേന്ദ്രത്തിന്‍റെ ഹർജിയിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K