24 November, 2021 12:31:45 PM


അനുപമയുടെ പരാതി ലഭിച്ചിട്ടും തടഞ്ഞില്ല; ദത്ത്​ നൽകിയതിൽ ഗുരുതരപിഴവെന്ന്​ റിപ്പോർട്ട്



തിരുവനന്തപുരം: ദത്ത് വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുള്ളത്. റിപ്പോർട്ട് വൈകാതെ ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും.

കുട്ടി തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും സിബ്ല്യുസിയെയും ശിശുക്ഷേമ സമിതിയെയും സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല. ഇവർ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ല തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികേ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11ന് സിഡബ്ല്യൂസിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ അഡോപ്ഷൻ കമ്മിറ്റി തീരുമാനിക്കുന്നത്.

തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസി ഓഗസ്റ്റ് 16ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു.

സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും നേരിൽ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നൽകിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് 11 ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവുമായി അനുപമ ശിശുക്ഷേമ സമിതിയിലെത്തി. ഒക്ടോബര്‍ 22ന് ആണ് തന്‍റെ കുഞ്ഞിനെ തട്ടിപ്പറിച്ച് കൊണ്ടുപോകുന്നതെന്നും അന്ന് രാത്രി 12.30 ന് കിട്ടിയ കുഞ്ഞായിരിക്കും തന്‍റേതെന്ന് അനുപമ അറിയിക്കുന്നു.

ശിശുക്ഷേമ സമിതിയിലെത്തിയ അനുപമയ്ക്ക് ഒക്ടോബര്‍ 23 ന് കിട്ടിയ രണ്ടാമത്തെ കുട്ടിയെ കാണിച്ച് കൊടുക്കുന്നു. ഒക്ടോബര്‍ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് ദത്ത് പോയെന്നും ഇനി ഒന്നും ചെയ്യാനാവില്ലെന്നും ശിശുക്ഷേമ സമിതി അനുപമയെ അറിയിക്കുന്നു. അനുപമ എത്തിയ ശേഷമാണ് ദത്ത് സ്ഥിരപ്പെടുത്താനുള്ള കോടതിയിലേക്കുളള ഹര്‍ജി ശിശുക്ഷേമ സമിതി കുടുംബ കോടതിയില്‍ ഫയല്‍ ചെയ്യുന്നത്. അതും അനുപമയെത്തി ആറ് ദിവസത്തിന് ശേഷം ഓഗസ്റ്റ് 16 ന്.

ഒക്ടോബര്‍ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് അനുപമയുടേതാണെന്നറിഞ്ഞിട്ടും ആന്ധ്രാ ദമ്പതികളെ അറിയിച്ച് തിരിച്ച് കൊണ്ട് വന്ന് ഡിഎന്‍എ പരിശോധന നടത്തുന്നതിന് പകരം ദത്ത് സ്ഥിരപ്പെടുത്താനുളള കോടതി നടപടിയിലേക്ക് ശിശുക്ഷേമ സമിതി കടക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അവകാശ വാദമുന്നയിച്ച സമയത്ത് ദത്ത് ഹര്‍ജി കോടതിയില്‍ എത്തിയില്ല എന്നതിന്‍റെ തെളിവുകള്‍ ഷിജുഖാന് തിരിച്ചടിയാകും. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമതിയിലും തൈക്കാട് ആശുപത്രിയിലും പെണ്‍കുഞ്ഞാക്കിയതും വലിയ വീഴ്ചയാണുണ്ടായത്.

പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെങ്കിലും രേഖകളിൽ അതില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണ്. വനിതാ ശിശു വികസന ഡയറക്ടര്‍ ടിവി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ സര്‍ക്കാരിന് കൈമാറും. അന്വേഷണ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കെതിരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കെതിരെയും വേറെയും നിരവധി കണ്ടെത്തലുകളുണ്ടെന്ന് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K