19 November, 2021 01:21:41 PM


എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്; ജലീല്‍ പറയുന്ന പ്രകാരം നടപടി എടുക്കാനാവില്ല - മന്ത്രി വാസവന്‍



കോഴിക്കോട്: എആർ നഗർ ബാങ്ക് ക്രമക്കേടിൽ സഹകരണവകുപ്പിന്‍റെ റിപ്പോർട്ടുകളും കെ ടി ജലീലിന്‍റെ വെളിപ്പെടുത്തലുകളും തള്ളി സഹകരണ മന്ത്രി വി എൻ വാസവൻ. ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടും നിലവിൽ സർക്കാരിന് മുന്നിലില്ലെന്നും ആദായനികുതി വകുപ്പ് സഹകരണമേഖലയെ തകർക്കുകയാണെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. മുസ്ലിം ലീഗ് ഭരിക്കുന്ന എ ആർ നഗർ നഗർ സഹകരണ ബാങ്കിൽ ആദായനികുതിവകുപ്പും സഹകരണവകുപ്പിന്‍റെ ഓഡിറ്റ് വിഭാഗവും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ  നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. 


മാധ്യമവാർത്തകൾ തെളിവായെടുക്കാനാവില്ലെന്ന് പറഞ്ഞ മന്ത്രി രേഖാമൂലം മുൻ മന്ത്രി കെ ടി ജലീൽ ഉയർത്തിയ ആരോപണങ്ങളും തള്ളി. കെ ടി ജലീല്‍ പറയുന്നത് അനുസരിച്ച് നടപടി എടുക്കാനാകില്ല. എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ പ്രത്യേക അന്വേഷണത്തിന് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. സഹകരണ രജിസ്ട്രാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷം നടപടിയെടുക്കും. വസ്തുതാപരമായ രേഖകള്‍ കിട്ടിയാലേ നടപടിയെടുക്കാനാവു. 65 ആം വകുപ്പ് അനുസരിച്ച് രണ്ട് തവണ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് രണ്ടും കോടതി സ്റ്റേ ചെയ്തു. അതിനാല്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. 


സഹകരണനിയമത്തിലെ 65 ആം ചട്ട പ്രകാരം നടപടിയെടുക്കാനാവാത്തത് കോടതി സ്റ്റേ ഉള്ളതിനാലാണെനന്നാണ് സഹകരണമന്ത്രിയുടെ വാദമെങ്കിലും ഒന്നരമാസം മുമ്പ് സ്റ്റേ നീക്കിയിട്ടുണ്ട്. എന്നിട്ടും ഭരണസമതിയെ പിരിച്ചുവിടാനോ അന്വേഷണം നടത്താനോ സർക്കാർ തയ്യാറായില്ല. അന്വേഷണം നടത്താൻ ചുമതലയുള്ള ജോയിന്‍റ് രജിസ്ട്രാർ നിർബന്ധിത അവധിയിൽ പ്രവേശിച്ചതും സർക്കാർ ഒത്തുകളി വ്യക്തമാക്കുന്നു. കെ ടി ജലീലിന്റെ ആക്ഷേപങ്ങൾ മന്ത്രി തള്ളിയതും അന്വേഷണം നടത്തുന്നതില്‍ നിന്ന് സർക്കാർ ഒഴിഞ്ഞ് മാറുന്നതും ബാങ്കിനെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വിമർശനമുയർത്തിയിട്ടുണ്ട്. ഇതിനിടെ ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്ത് വായ്പയും ഇടപാടുകളും നടത്തിയ കേസുകളിൽ ഏഴാം തിയതി ബാങ്ക് അധികൃതരോട് തിരൂരങ്ങാടി അസി രജിസ്ട്രാർ മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K