18 November, 2021 07:18:54 PM


ഏറ്റുമാനൂര്‍ ടൗണിലെ അമ്പത് ശതമാനം ജലത്തിലും പി.എച്ച്. മൂല്യത്തില്‍ വ്യതിയാനം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ടൗണിലെ അമ്പത് ശതമാനം ജലത്തിലും പി.എച്ച്. മൂല്യത്തില്‍ വ്യതിയാനം. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഇടത്താവളത്തിലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണ - പാനീയ കാര്യങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടന്ന പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അമ്ല-ക്ഷാര മൂല്യം (പി.എച്ച്.മൂല്യം) പരിശോധിച്ചതില്‍ അമ്പത് ശതമാനം കുടിവെള്ളവും നേരിട്ട് ഉപയോഗിക്കാന്‍ പറ്റാത്തതാണെന്ന് കണ്ടെത്തി. 62 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.


ഇങ്ങനെയുള്ള ജലം ബ്ലീച്ചിംഗ് പൗഡര്‍, ചുണ്ണാമ്പ് തുടങ്ങിയവ ഉപയോഗിച്ചും അല്ലാതെയുമുള്ള ശുദ്ധീകരണപ്രക്രീയകള്‍ പൂര്‍ത്തിയാക്കിയതിനുശേഷമേ ഉപയോഗിക്കാവു എന്ന് വ്യാപാരികള്‍ക്ക് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഹോട്ടലുകളിലും മറ്റും കുടിക്കാന്‍ നല്‍കുന്ന വെള്ളം നന്നായി തിളപ്പിച്ചെടുത്തതാണെന്ന് ഉറപ്പു വരുത്തണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.


ഭക്ഷ്യസുരക്ഷാ വകുപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റും ചേർന്നായിരുന്നു പരിശോധന. ഏറ്റുമാനൂരിലും പരിസരപ്രദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളിലെ വെള്ളം, പാൽ, മറ്റ് പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ പദാർത്ഥങ്ങളും മൊബൈൽ ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഏറ്റുമാനൂരിലെത്തുന്ന എല്ലാ ബ്രാന്‍ഡ് പാലുല്‍പന്നങ്ങളുടെയും വെളിച്ചെണ്ണയുടെയും തട്ടുകടകളില്‍ ഉപയോഗിക്കുന്ന എണ്ണയുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധന തുടര്‍ന്നും ഉണ്ടാവുമെന്ന് ഹോട്ടൽ റസ്റ്റോറന്‍റ് ഉടമകൾക്ക് ക്ലാസെടുത്ത ഏറ്റുമാനൂർ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ.തെരസ് ലിൻ ലൂയിസ് പറഞ്ഞു. 


ഏറ്റുമാനൂർ വ്യാപാരഭവനിൽ എത്തിച്ച മൊബൈല്‍ ലാബോറട്ടറിയില്‍ നടന്ന പരിശോധന മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് പ്രസിഡണ്ട് എൻ.പി.തോമസ് അധ്യക്ഷനായിരുന്നു. കടുത്തുരുത്തി ഫുഡ് സേഫ്റ്റി ഓഫീസർ നവീൻ ജെയിംസ്, നഗരസഭാ ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ ആറ്റ്ലീ പി  ജോൺ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ ബിനീഷ്, ഏകോപന സമിതി വർക്കിംഗ് പ്രസിഡന്‍റ് ജോർജ്ജ് തോമസ്, വൈസ് പ്രസിഡന്‍റ് ടി എം യാക്കൂബ്, സെക്രട്ടറിമാരായ ജി മനോജ് കുമാർ, കെ എസ് രഘുനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. തൃശ്ശൂർ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്‍റ് പി എസ് സുമേഷ് ലാബിന്‍റെ പ്രവർത്തനങ്ങൾ വ്യാപാരികൾക്ക് വിശദീകരിച്ചു കൊടുത്തു.     



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K