17 November, 2021 12:48:12 PM


മരംമുറി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം - വി ഡി സതീശന്‍



കോഴിക്കോട്: കേരളത്തിന്‍റെ ഒരു താത്പര്യവും സംരക്ഷിക്കാത്ത സര്‍ക്കാറായി പിണറായി ഭരണം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുല്ലപ്പെരിയാര്‍ വിവാദ മരംമുറി ഉത്തരവ് സംബന്ധിച്ച് മന്ത്രിമാര്‍ പരസ്പര വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി കാട്ടിയ മൗനം ഇപ്പോഴും തുടരുകയാണ്. മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രി തന്നെയാണ്. അദ്ദേഹത്തിന്റെ മൗനം കുറ്റസമ്മതം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. യുഡിഎഫ് കോഴിക്കോട് ജില്ലാ നേതൃസമ്മേളനം ടാഗോര്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിനി ഡാമില്‍ മരംമുറിക്കാന്‍ അനുവാദം നല്‍കിയതോടെ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം തന്നെ ദുര്‍ബലമായി. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കേരളത്തിലെ നാല്പതു ലക്ഷം പേര്‍ അറബിക്കടലില്‍ ഒഴുകി നടക്കുമെന്ന് പിണറായി വിജയനും വി എസ് അച്യുതാനന്ദനും മനുഷ്യച്ചങ്ങല തീര്‍ത്ത് മുമ്പ് പ്രസംഗിച്ചിരുന്നു. അതിനുശേഷം ഡാം ബലപ്പെട്ടോ എന്ന് പിണറായി പറയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ മുന്‍ഗണന ജനജീവിതത്തെ ദുരിതത്തില്‍ നിന്ന് കരകയറ്റലല്ല. മറിച്ച് വരും തലമുറയെപ്പോലും കടക്കെണിയിലാക്കുന്ന ഒന്നര ലക്ഷം കോടി രൂപ ചെലവു വരുത്ത സില്‍വര്‍ ലൈന്‍ പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് മുഖ്യമന്തിയുടെ ശ്രമം. 

ഇരുപതിനായിരത്തിലേറെ പേര്‍ കുടിയൊഴിക്കപ്പെടുന്ന, 145 ഹെക്ടര്‍ വയല്‍ മണ്ണിട്ടു നികത്തുന്ന, പാരിസ്ഥിതിക ആഘാതത്തെപ്പറ്റി പഠനം പോലും നടത്താത്ത പദ്ധതി ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് വിഡി സതീശന്‍ ചോദിച്ചു. കെ റെയില്‍ കേരളത്തിന്റെ നടുവിലൂടെ കോട്ടപോലെ ഉയര്‍ത്താന്‍ ആവശ്യമായ കല്ലിനുവേണ്ടി പശ്ചിമഘട്ടത്തെ തുരന്നെടുക്കും. അതോടെ കേരളത്തിലെ നദികളെല്ലാം ഇല്ലാതാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ വിമാനത്താവളവും തുറമുഖവും മോദിയുടെ സുഹൃത്ത് അദാനിയുടെ കൈവശമാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അധ്യക്ഷനായിരുന്നു. ഐയുഎംഎല്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ എംഎംഹസ്സന്‍, മുന്‍ മന്ത്രിമാരായ ഡോ. എം കെ മുനീര്‍, അനൂപ് ജേക്കബ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എംഎല്‍എ, ജനറല്‍ സെക്രട്ടറിമാരായ പി എം നിയാസ്, കെ ജയന്ത്, ഡിസിസി പ്രസിഡന്റ്  കെ പ്രവീണ്‍കുമാര്‍, ഘടകകക്ഷി നേതാക്കളായ വി സി ചാണ്ടി, ജി നാരായണന്‍കുട്ടി, ഉമ്മര്‍ പാണ്ടികശാല, സലീം പി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.  ജില്ലാ കണ്‍വീനര്‍ എം എ റസാഖ് സ്വാഗതവും അഷറഫ് മണക്കടവ് നന്ദിയും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K