15 November, 2021 10:49:57 PM


തിരിച്ചെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ പിന്തുണ നല്‍കും - മന്ത്രി വാസവന്‍



കോട്ടയം: പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക്  അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.   കുടുംബശ്രീ ജില്ലാ മിഷനും നോര്‍ക്ക റൂട്ട്‌സും ചേർന്ന്  നടപ്പാക്കുന്ന പ്രവാസി ഭദ്രത പദ്ധതിയുടെ ഉദ്ഘാടനവും വായ്പ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിസന്ധിയിലകപ്പെട്ടും  വിസയുടെ കാലാവധി തീര്‍ന്നതിനെതുടർന്നും    പ്രവാസികൾ നേരിടുന്ന തൊഴിൽ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റക്കോ   കൂട്ടായോ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ച് വരുമാനം നേടാൻ അവസരമുണ്ടാകും.ക്ഷേമനിധി പദ്ധതി, നോര്‍ക്കയുമായി ചേര്‍ന്നുള്ള വിവിധ പദ്ധതികള്‍, പ്രവാസികള്‍ക്കായുള്ള സഹകരണ സംഘങ്ങള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങളും സജ്ജമാക്കുമെന്നും  അദ്ദേഹം  പറഞ്ഞു. പദ്ധതിയില്‍ അപേക്ഷിച്ച 54  പേരിൽ  25 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ആദ്യ ഗഡുവായി മന്ത്രി ചടങ്ങിൽ  വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നിര്‍മ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ ടി.എന്‍ ഗിരീഷ് കുമാര്‍,മഞ്ചു സുജിത്, പി.എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, നോര്‍ക്ക റൂട്‌സ് ഡെപ്യൂട്ടി സെക്രട്ടറി ആന്‍ഡ് ഹോം അറ്റസ്റ്റേഷന്‍ ഓഫീസര്‍ വിമല്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍,  അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അരുണ്‍ പ്രഭാകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K