15 November, 2021 09:49:51 PM


ജീവനക്കാരുടെ കുറവ്: 625 പേരെ താൽക്കാലികമായി നിയമിക്കും - ആരോഗ്യമന്ത്രി



തിരുവനന്തപുരം: കൊവിഡ്ബ്രിഗേഡ്  പിരിച്ചുവിട്ടതിന്‍റെ ഭാഗമായുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 625 പേരെ താൽക്കാലികമായി നിയമിക്കാൻ ഉത്തരവായിക്കഴിഞ്ഞു. മതിയായ അനുപാതത്തിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂർ  ട്രോമാകെയറിന് സജ്ജീകരണമൊരുക്കി, പരിശീലനം ലഭിച്ചവരെ നിയമിച്ചായിരിക്കും അത്യാഹിത വിഭാഗം പ്രവർത്തിക്കുകയെന്ന് മന്ത്രി ഉറപ്പ് നൽകി. 


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങിയ നവീകരിച്ച അത്യാഹിത വിഭാഗം സന്ദർശിക്കുകയായിരുന്നു മന്ത്രി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചപ്പോഴുള്ള പോരായ്മകള്‍ മന്ത്രിക്ക് നേരിട്ട് ബോധ്യമായതിനെ തുടര്‍ന്ന് എത്രയും വേഗം പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമായത്. പുതിയ അത്യാഹിത വിഭാഗം കൊവിഡ് സാഹചര്യത്തിലാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകിയത്. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഇനി അത്യാഹിത വിഭാഗത്തില്‍ തന്നെ ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏകീകൃത അത്യാഹിത വിഭാഗ ചികിത്സയാണ് സജ്ജമാക്കിയിരിക്കുന്നത്.


സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ക്കായി വിവിധ വിഭാഗങ്ങളില്‍ രോഗിയെ ട്രോളിയില്‍ കൊണ്ടു പോകേണ്ടതില്ല. വിപുലമായ ട്രയേജ് സംവിധാനം, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ലെവല്‍ വണ്‍ ട്രോമ കെയര്‍ സംവിധാനം എന്നിവ സാധ്യമാക്കുകയാണ് ലക്ഷ്യം. 35 കോടിയോളം രൂപ ചെലവഴിച്ചാണ് അത്യാഹിത വിഭാഗം സജ്ജമാക്കിയത്. പുതിയ അത്യാഹിത വിഭാഗത്തിനായി 108 ജീവനക്കാരെയും നിയമിച്ചിരുന്നു. മെഡിക്കല്‍ കോളേജ് പ്രധാന റോഡിനോട് ചേര്‍ന്നുള്ള ഈ അത്യാഹിത വിഭാഗം രോഗികളെ വളരെ വേഗത്തില്‍ എത്തിക്കുന്നതിനും സാധിക്കും. ജീവനക്കാര്‍ക്ക് മികച്ച പരിശീലനം ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K