10 November, 2021 09:08:28 PM


സുകുമാരക്കുറുപ്പ് എവിടെ? ജോഷി എന്ന പേരിൽ ബീഹാറിലും ബംഗാളിലും ചികിത്സ തേടിയിരുന്നു



ആലപ്പുഴ: കേരള പൊലീസിനെ വട്ടംകറക്കിയ സുകുമാര കുറുപ്പിനെ മലയാളികള്‍ ആരും മറന്നിട്ടുണ്ടാവില്ല.
കുറുപ്പ് എന്ന സിനിമയിലൂടെ സുകുമാരക്കുറുപ്പ് വീണ്ടും ജനമനസുകളിൽ എത്തുമ്പോൾ കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. സുകുമാര കുറുപ്പിനെ കണ്ടുപിടിക്കാനാകില്ല എന്നു തന്നെയാണ് മുമ്പ് കേസ് അന്വേഷിച്ചിരുന്നവര്‍ തൊട്ട് ഈ തലമുറയിലെ ഉദ്യോഗസ്ഥരടക്കം ഒന്നടങ്കം പറയുന്നത്.

സുകുമാരക്കുറുപ്പ് എവിടെ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കേരള പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും ഹൃദ്രോഗബാധയാല്‍ സുകുമാരക്കുറുപ്പ് ഉത്തരേന്ത്യയില്‍ വച്ച്‌ മരണമടഞ്ഞിരിക്കാമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇനിയും കുറുപ്പ് തിരിച്ചെത്തുമെന്ന് പൊലീസ് കരുതുന്നതേയില്ല. എന്നാല്‍ കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഏറെ പ്രത്യേകതകളുള്ള കേസായി ഇന്നും നിലനില്‍ക്കുന്നതാണ് സുകുമാരക്കുറുപ്പിന്റെത്.

കുറുപ്പ് ഹൃദ്രോഗത്താല്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് അന്ന് എസ്.ഐ.ടിയിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറായിരുന്ന റിട്ട.എസ്.പി ജോര്‍ജ് ജോസഫ് മണ്ണുശേരി പറയുന്നത്. കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ്, ' ജോഷി സണ്‍ ഓഫ് ഡോ.സരളജോഷി' എന്ന വ്യാജ മേല്‍വിലാസത്തില്‍ ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നാണ് രേഖകളിലുള്ളത്. ഏറ്റവുമൊടുവില്‍ 1990 ജനുവരി 14ന് ബംഗാളിന്റെയും ബീഹാറിന്റെയും അതിര്‍ത്തിയിലുള്ള റൂക്ക് നാരായണ്‍പൂര്‍ പബ്ലിക്ക് ഹെല്‍ത്ത് സെന്ററിലെ ഒ.പിയില്‍ പി.ജെ.ജോഷി എന്നപേരില്‍ കുറുപ്പ് പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ജോര്‍ജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍ അടിയന്തര ശസ്ത്രക്രിയയും മൂന്നുമാസത്തെ വിശ്രമവും നിര്‍ദ്ദേശിച്ചെങ്കിലും പിടിക്കപ്പെടുമെന്ന ഭയംമൂലം സ്ഥലംവിടുകയായിരുന്നു. പിന്നീട് ഒരു ആശുപത്രിയിലും കുറുപ്പെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല.

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കുറുപ്പ് മരിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ജോര്‍ജ് ജോസഫിന്റെ വാദം. അനാഥ ശവമായി കുറുപ്പിനെ മറവ് ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മരിച്ചയാളുടെ മൃതദേഹം, പ്രായം, വിലാസം, ഫോട്ടോ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളില്‍ സുകുമാരക്കുറുപ്പ് മരിച്ചതായി എഴുതിച്ചേര്‍ത്തിട്ടില്ല. ആ കേസ് ഫയല്‍ ലോംഗ് പെന്‍ഡിംഗായി (എല്‍.പി) തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K