09 November, 2021 02:38:18 PM


കൊവാക്സിന് യു.കെ അംഗീകാരം; വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാം



ലണ്ടന്‍: ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കൊവാക്‌സിന് യു.കെ അംഗീകാരം നൽകി. കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനും ഉൾപ്പെടുത്തിയത്. 

യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്‍റീന്‍ വേണം എന്ന നിബന്ധനയും യുകെ  പിന്‍വലിച്ചു. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി. ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്‌സിനായ കൊവിഷീൽഡും, കൊവാക്‌സിന് പുറമേ ചൈനയുടെ സിനോ വാക്‌സിനുകളെയും ബ്രിട്ടൺ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K