06 November, 2021 06:29:37 PM


തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച: ജി. സുധാകരനെതിരെ അച്ചടക്ക നടപടി; പരസ്യശാസന



തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുണ്ടായ വിഴ്ചയില്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരനെതിരെ അച്ചടക്ക നടപടി. പരസ്യമായ ശാസനയാണ് സിപിഎം സംസ്ഥാന കമ്മറ്റി ജി സുധാകരന് എതിരെ എടുത്തിരിക്കുന്ന നടപടി. എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. കഴിഞ്ഞ സംസ്ഥാന സമിതി യോഗങ്ങളില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല. സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളുണ്ട്.

മൂന്നാമത്തെ വലിയ അച്ചടക്ക നടപടിയാണ് സുധാകരനെതിരെ ഉണ്ടായത്. താക്കീത്, ശാസന (സെന്‍ഷര്‍), പരസ്യശാസന, സ്ഥാനത്തുനിന്ന് നീക്കം ചെയ്യല്‍, ഒരു കൊല്ലത്തില്‍ കവിയാത്ത കാലയളവിലേക്ക് പൂര്‍ണ അംഗത്വം സസ്‌പെന്‍ഡ് ചെയ്യുക, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുക എന്നിങ്ങനെയാണ് സിപിഎമ്മിലെ അച്ചടക്ക നടപടികള്‍.

എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങള്‍. ഇടത് സ്ഥാനാര്‍ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

തെര‌ഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥി എച്ച് സലാമിന് പിന്തുണ നൽകിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന കണ്ടെത്തൽ.  വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K