11 October, 2021 05:51:24 PM


എൻജിനീയറിംഗ് എൻട്രൻസ് മാർക്ക് നഷ്ടം: കേരള സിലബസ് വിദ്യാർഥികൾ കോടതിയിലേക്ക്



തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ കേരള സിലബസിൽ പഠിച്ച് 100 ശതമാനം മാർക്കു നേടി വിജയിച്ച കുട്ടികൾക്കു പോലും സ്റ്റാന്ഡേർഡൈസേഷനിൽ നാല്പതു ശതമാനത്തിലധികം സ്കോർ കുറഞ്ഞതിനെതിരെ പരാതിയുമായി വിദ്യാർഥികൾ കോടതിയിലേക്ക്. പ്രശ്നം നിയമസഭയുടെ ശ്രദ്ധയിൽ പെടുത്താനും ശ്രമം നടക്കുകയാണ്. കേരള സിലബസിൽ പഠിച്ച് ഫിസിക്സ്,കെമിസ്ട്രി,മാത് സ് വിഷയങ്ങളിൽ 100 ശതമാനം മാർക്കു നേടിയ കുട്ടികൾക്കു പോലും സ്റ്റാൻഡേർഡൈസേഷനിൽ വൻതോതിൽ മാർക്കു കുറഞ്ഞതാണ് വിവാദമായത്.

കേരള സിലബസിൽ ഈ വർഷം പഠിച്ച് 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാനുള്ള സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയിൽ 41.5130 സ്കോർ വരെ കുറഞ്ഞപ്പോൾ സിബിഎസ് ഇ പരീക്ഷയിൽ 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് സ്റ്റാൻഡേർഡൈസേഷനിൽ കുറഞ്ഞത് 5.78013 സ്കോർ മാത്രമാണ്. 2020ൽ കേരള സിലബസിൽ പഠിച്ചവർക്ക് കുറഞ്ഞത് 5.2444 സ്കോർ ആയിരുന്നു. ഈ വർഷം ഉയർന്ന മാർക്ക് നേടിയവർ എങ്ങനെ വൻ തോതിൽ പുറകോട്ടു പോയെന്നു വിശദീകരിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.

ഇതു സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ,ജോയിന്റ് കമ്മീഷണർ എന്നിവർ ഉന്നത വിദ്യാഭ്യാസ വകുപ്പിനെ വിവരങ്ങൾ ധരിപ്പിച്ചു.2009 മുതൽ വിവിധ ബോർഡുകൾക്കു കീഴിൽ ലഭിക്കുന്ന മാർക്കുകളുടെ ഗ്ലോബൽ മാനകം(മീൻ),സ്റ്റാൻഡേർഡ് ഡീവിയേഷൻ എന്നിവ വിലയിരുത്തിയാണ് വിദഗ്ധ സമിതി സ്റ്റാൻഡേർഡൈസേഷൻ ഫോർമുല തയാറാക്കുന്നതെന്നും ഇത്തവണയും മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നുമാണ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് പറയുന്നത്. ഇത്തവണ സംസ്ഥാന സിലബസിൽ പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്,കെമിസ്ട്രി,മാത് സ് വിഷയങ്ങളുടെ ശരാശരി മാർക്കിലുണ്ടായ വർധന സ്റ്റാൻഡേർഡൈസേഷനിൽ പ്രതികൂലമായി ബാധിച്ചിരിക്കാം.

എന്നാൽ 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് നാൽപത്തി മൂന്നിനു മുകളിൽ മാർക്കു കുറയുന്നതെങ്ങനെയെന്നു വിശദീകരിക്കണമെന്നാണ് ആവശ്യം. ഈ വർഷം ഫിസിക്സ്,കെമിസ്ട്രി,മാത് സ് വിഷയങ്ങളിൽ 100 ശതമാനം മാർക്ക് ലഭിച്ചവർക്ക് സ്റ്റാൻഡേർഡൈസേഷൻ കഴിഞ്ഞപ്പോൾ 300ൽ 256.4870 ആണ് ലഭിച്ചത്. സിബിഎസ് ഇയിൽ ഇത് 294.21987 ആണ്. ഈ വ്യത്യാസം വിശദീകരിക്കാൻ കമീഷണറേറ്റിനു സാധിച്ചിട്ടില്ല. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K