04 October, 2021 04:31:43 PM


അധികൃതരുടെ 'കനിവ് തേടി' മൈലപ്പള്ളികടവ് - കിണറ്റിന്‍മൂട് തൂക്കുപാലംകോട്ടയം: തിരുവഞ്ചൂര്‍ മൈലപ്പള്ളി കടവ് - പേരൂര്‍ കിണറ്റിന്‍മൂട് തൂക്കുപാലത്തിന്‍റെ അറ്റകുറ്റപണികള്‍ നടത്തി അപകടഭീഷണി ഒഴിവാക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് അര ദശാബ്ദത്തിലേറെ പഴക്കം. പാലത്തിന്‍റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയതോടെ ഉടലെടുത്തത് ഉടമസ്ഥാവകാശം ആര്‍ക്കെന്ന തര്‍ക്കം. ഈ നിവേദനം ഫയലില്‍ കുരുങ്ങി കിടക്കുവാന്‍ തുടങ്ങിയിട്ട് തന്നെ അഞ്ച് വര്‍ഷമാവുന്നു. പാലം ജില്ലാ പഞ്ചായത്തിന്‍റെ കീഴിലാണെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു പാലം തങ്ങളുടെ റിക്കാര്‍ഡില്‍ ഇല്ലെന്ന് പറഞ്ഞായിരുന്നു ജില്ലാ പഞ്ചായത്ത് കൈകഴുകിയത്. 

ഏറ്റുമാനൂര്‍ നഗരസഭയെയും വിജയപുരം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് മീനച്ചിലാറിനു കുറുകെ  2012ല്‍ കമ്മീഷന്‍ ചെയ്തതാണ് മൈലപ്പള്ളികടവ് - കിണറ്റിന്‍മൂട് തൂക്കുപാലം. രണ്ട് തൂണുകളില്‍ ഇരുമ്പ് കയര്‍ ബന്ധിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ച് കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയായിരുന്നു തൂക്കുപാലംനിര്‍മ്മിച്ചത്. അഞ്ഞൂറ് മീറ്ററിലേറെ നീളത്തിലുള്ള പാലം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഫണ്ടില്‍ നിന്ന് തുക വകയിരുത്തി നിര്‍മ്മിച്ചതാണ്.  


കിണറ്റിന്‍മൂട്ടിലുണ്ടായിരുന്ന കടത്തുവള്ളം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ വന്നതിനെ തുടര്‍ന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തൂക്കുപാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മിച്ച് അ‍ഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്താത്തതാണ് ഇന്നത്തെ ശോചനീയാവസ്ഥക്കു കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. മീനച്ചിലാറ്റില്‍ ഏറെ അപകടം പതിയിരിക്കുന്ന ഭാഗത്താണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചിലേറെ ആളുകള്‍ ഈ പാലത്തിന്‍റെ അടിയില്‍ വെള്ളത്തില്‍ വീണ് മരിച്ചിട്ടുണ്ട്.

പാലത്തിന്‍റെ പല ഭാഗവും തുരുമ്പെടുത്ത് ദ്രവിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ അറ്റകുറ്റപണികള്‍ ഉണ്ടായില്ല. ഇരുവശത്തുമുള്ള ഇരുമ്പ് കമ്പികളും കൈപിടികളും ഒടിഞ്ഞും ഫുട്പാത്തിലെ ഇരുമ്പ് ഷീറ്റുകളുടെയും വലകളുടെയും വെല്‍ഡിംഗ് വിട്ടും അപകടം ക്ഷണിച്ചുവരുത്തുകയാണ്. അധികൃതര്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ ഏത് സമയത്തും ഒരു ദുരന്തം പ്രതീക്ഷിക്കാമെന്ന് തന്നെയാണ് നാട്ടുകാര്‍ പറയുന്നത്. തിരുവഞ്ചൂരില്‍നിന്ന് പാറമ്പുഴയിലും പേരൂരിലുമുള്ള സ്കൂളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും ഈ പാലത്തെ ആശ്രയിച്ചിരുന്നു. ഇരുകരകളിലുമുള്ള യാത്രക്കാരെ കൂടാതെ പാലം കാണാനും സായം സന്ധ്യകള്‍ ചെലവഴിക്കാനും നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.

പേരൂര്‍ പൗരസമിതി പൊതുമരാമത്ത് മന്ത്രിയ്ക്ക്  നല്‍കിയ പരാതി നടപടികള്‍ക്കായി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കൈമാറി. എന്നാല്‍ തൂക്കുപാലം ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലാണെന്ന് കാണിച്ച് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ മന്ത്രിയുടെ ഓഫീസിലേക്ക് മറുപടി നല്‍കി. പരാതി ജില്ലാ പഞ്ചായത്തിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ നിന്നും പൗരസമിതി പ്രസിഡന്‍റിന് വിവരാവകാശനിയമപ്രകാരം ലഭിച്ചത്  ഇത്തരമൊരു പാലത്തെകുറിച്ച് തങ്ങള്‍ക്കറിവില്ലെന്ന മറുപടിയാണ്. ഒപ്പം "ടി പ്രവൃത്തി ഈ ഓഫീസ് ചെയ്തത് സംബന്ധിച്ച് രേഖകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഹാജരാക്കണ"മെന്ന നിര്‍ദ്ദേശവും. 

ഇതോടെ തൂക്കുപാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്ക് ആരെ സമീപിക്കും എന്നറിയാതെ നാട്ടുകാര്‍ കുഴങ്ങിയ അവസ്ഥയിലാണ് പാലത്തിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് വിജയപുരം ഗ്രാമപ‍ഞ്ചായത്ത് രംഗത്തെത്തിയത്. പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും അന്ന് ഭരണസമിതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പക്ഷെ ഇതുവരെ നടപടികള്‍ ഒന്നും ആയില്ലെന്നു മാത്രം. സകല ദൈവങ്ങളെയും വിളിച്ച് ജീവന്‍ പണയം വെച്ചാണ് നാട്ടുകാര്‍ ഇപ്പോള്‍ പാലത്തിലേക്ക് കാല്‍ വെയ്ക്കുന്നത്.Share this News Now:
  • Google+
Like(s): 4.8K