24 September, 2021 10:53:55 AM


ഇടതുപക്ഷത്തേക്കു ചാടാന്‍ മുസ്ലിം ലീഗ് തുടര്‍ച്ചയായി ശ്രമിക്കുന്നുവെന്ന് കെ ടി ജലീല്‍

പാലാ ബിഷപ്പിന്‍റെ പരാമര്‍ശങ്ങളില്‍ ബിജെപി അജന്‍ഡ എന്നും ആരോപണം



തിരുവനന്തപുരം: എല്‍ഡിഎഫിലേക്കു ചാടാന്‍ യുഡിഎഫിലെ പ്രമുഖ ഘടകകക്ഷി മുസ്ലിം ലീഗ് തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ മന്ത്രിയും ഇടതുസഹയാത്രികനുമായ കെ ടി ജലീല്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍. സിപിഎം അനുകൂലമായി പ്രതികരിക്കാത്തതുകൊണ്ടാണ് ലീഗിന്‍റെ മോഹം നടക്കാത്തത്. സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ജലീല്‍ ആരോപിക്കുന്നു. 

ലീഗ് വലിയ വഞ്ചനയാണു ചെയ്യുന്നത്; മുന്നണി രാഷ്ട്രീയ മര്യാദകള്‍ മുഴുവന്‍ ലംഘിക്കുകയാണ് അവര്‍. ഒരു മുന്നണിയില്‍ നില്‍ക്കുകയും വേറൊരു മുന്നണിയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതിയാണ് അവലംബിക്കുന്നത്. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കാന്‍ ഇടയുള്ള ആരോപണമാണ് സിപിഎം നേതൃത്വവുമായി, പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുപ്പമുള്ള മുന്‍ ലീഗ് നേതാവു കൂടിയായി കെ ടി ജലീലിന്‍റേത്. മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വന്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്കെതിരേ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടയിലാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. 

ബാങ്ക് ക്രമക്കേട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) അന്വേഷിക്കണം എന്നായിരുന്നു ജലീല്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ അതിനോട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവും യോജിച്ചില്ല. ഇതോടെ താന്‍ ആ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയതായും അഭിമുഖത്തില്‍ ജീലില്‍ തുറന്നു പറയുന്നു. എ ആര്‍ നഗര്‍ ക്രമക്കേടുകളില്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. അതിന്റെ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നതും ജലീലാണ്.

ലീഗ് വിരുദ്ധ രാഷ്ട്രീയം തന്നെയാണ് സിപിഎമ്മിന്റേതെന്നും ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന് എതിരായ നിലപാടാണ് എക്കാലത്തും സിപിഎം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് എന്നും ജലീല്‍ വ്യക്തമാക്കുന്നു. 2006ല്‍ കുറ്റിപ്പുറത്തും അതിനു ശേഷവും തനിക്ക് സിപിഎം നല്‍കിയിട്ടുള്ള പിന്തുണയും അതുകൊണ്ടുതന്നെയാണ്. മുഈനലി തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് കുടുംബത്തിലെ പുതിയ തലമുറ കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രമാദിത്വം അംഗീകരിക്കുന്നവരല്ല. അവരെ കുഞ്ഞാലിക്കുട്ടിക്കെന്നല്ല ആര്‍ക്കും വിലയ്‌ക്കെടുക്കാന്‍ കഴിയില്ല.

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ അജന്‍ഡയാണൈന്ന് ജലീല്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നു. ഇവിടെ ലൗ ജിഹാദുമില്ല, നര്‍ക്കോട്ടിക് ജിഹാദുമില്ല. എത്രയോ മുസ്ലിം പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരുമായി സ്‌നേഹത്തിലായി വിവാഹം കഴിക്കുന്നു. ജലീല്‍ പറയുന്നു. ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമ്മില്‍ ശത്രുക്കളാക്കാനന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബിജെപിയാണ്. അവര്‍ക്കു കേരളത്തില്‍   എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടം വേണമെങ്കില്‍ ഏതെങ്കിലുമൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞാണ് ഈ ശ്രമങ്ങള്‍. എല്ലാവിഭാഗങ്ങളും അതു മനസ്സിലാക്കുകയാണു വേണ്ടതെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K