16 September, 2021 06:34:43 PM


ആതുരാലയങ്ങളില്‍ ഔഷധ സസ്യതോട്ടം തയ്യാറാക്കി ഹരിതകര്‍മ്മസേന



കോട്ടയം: ആതുരാലയങ്ങളില്‍ ഔഷധസസ്യതോട്ടവുമായി ഹരിതകര്‍മ്മസേനാംഗങ്ങള്‍. ഔഷധസസ്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നീണ്ടൂര്‍ ആയുര്‍വേദ ആശുപത്രിയിലും  ജില്ലയിലെ തിരഞ്ഞെടുത്ത മറ്റ് നാല് ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളിലുമാണ് തോട്ടം ആരംഭിച്ചത്. നെല്ലി, കീഴാര്‍നെല്ലി, ബ്രഹ്‌മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളാണ് ഉദ്യാനത്തിലുള്ളത്. 

ഹരിത കേരളം മിഷനും ആയുഷ് മിഷനും സംയുക്തമായി പുതുപ്പള്ളി, മരങ്ങാട്ടുപള്ളി ആയുര്‍വേദ ഡിസ്പെന്‍സറികളും മൂന്നിലവ്, മാന്നാനം ഹോമിയോ ഡിസ്പെന്‍സറികളിലുമാണ് ഔഷധ സസ്യ തോട്ടം ആരംഭിച്ചത്.. ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രീയനാമം, ഉപയോഗക്രമം തുടങ്ങിയവ രേഖപ്പെടുത്തിയ പട്ടികകളും  ചെടിയോടൊപ്പമുണ്ട്. വാകത്താനം ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേനയുടെ ഹരിത സേവാകേന്ദ്രമാണ് ഔഷധ സസ്യതോട്ടം ഒരുക്കിയത്.

ദേശീയ ആയുഷ് മിഷന്‍റെ നേതൃത്വത്തിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്‍ററിന്‍റെ  ഭാഗമായാണ് ഔഷധ തോട്ടം ഒരുക്കുന്നത്. ഹരിത കേരളം മിഷനും ആയുഷ് മിഷനും സംയുക്തമായി പുതുപ്പള്ളി, മരങ്ങാട്ടുപള്ളി ആയുര്‍വേദ ഡിസ്പെന്‍സറികളും മൂന്നിലവ്, മാന്നാനം ഹോമിയോ ഡിസ്പെന്‍സറികളിലുമാണ് ഔഷധ സസ്യ തോട്ടം ആരംഭിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K