15 September, 2021 07:11:16 PM


സബ്സിഡി വൈകുന്നു; ഏറ്റുമാനൂരിലെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍




കോട്ടയം: കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട സബ്സിഡി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍. കോവിഡ് വ്യാപനത്തെതുടര്‍ന്ന് വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സര്‍ക്കാര്‍ ആനുകൂല്യം പോലും സമയത്ത് ലഭിക്കാത്തത് വീണ്ടും കൃഷിയിറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

2020 മുതലുള്ള ആനുകൂല്യങ്ങളാണ് മുടങ്ങിയത്. 25 ലക്ഷം രൂപയാണ് ഏറ്റുമാനൂര്‍ കൃഷിഭവനില്‍ ഒരു വര്‍ഷത്തെ മാത്രമായി കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കഴിഞ്ഞ വര്‍ഷം നെല്‍വിത്തു മേടിച്ച് ഏറ്റുമാനൂരിലെ കര്‍ഷകര്‍ക്കു നല്‍കിയ വകയില്‍ നാഷണല്‍ സീഡ് കോര്‍പ്പറേഷന്  4.8 ലക്ഷം രൂപയാണ് കൃഷിവകുപ്പ് നല്‍കാനുള്ളത്. 

കൃഷിക്ക് മുമ്പ് നിലമൊരുക്കല്‍ മുതല്‍ വളം, ഉഴവുകൂലി തുടങ്ങിയ കാര്യങ്ങള്‍ക്കായി അനുവദിച്ച സബ്സിഡിയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ വര്‍ഷം 25 ഹെക്ടര്‍ സ്ഥലത്താണ് തരിശുകൃഷി ചെയ്തത്. ഏറ്റുമാനൂര്‍, പേരൂര്‍, തെള്ളകം, പുന്നത്തുറ പാടശേഖരങ്ങളിലായി തരിശുകൃഷിയിറക്കിയ മുപ്പതില്‍പരം കര്‍ഷകര്‍ക്ക് മാത്രമായി പത്ത് ലക്ഷം രൂപ നല്‍കാനുണ്ട്. പതിവുപോലെ കൃഷിയിറക്കിയ 210 കര്‍ഷകര്‍ക്കും പത്ത് ലക്ഷത്തിലധികം രൂപാ കുടിശ്ശിഖയുണ്ട്.   

സര്‍ക്കാരില്‍നിന്നും അനുവദിക്കുന്ന തുക നഗരസഭയുടെ ഭാഗത്തുനിന്നും സമയത്ത് ലഭിക്കാതെ വന്നതാണ് ഈ കാലതാമസത്തിനു കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി പുതുക്കി സ്പില്‍ ഓവര്‍ ചെയ്തതിലൂടെ ഇപ്പോള്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ഒരു മാസത്തികനകം കുടിശ്ശിഖ വിതരണം ചെയ്യാനാവുമെന്ന് കരുതുന്നതായും കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K